മാരക്കാനയിലെ സ്വപ്‌നഫൈനലിന് ഒടുവില്‍ ആദ്യ രാജ്യാന്തര കിരീടത്തില്‍ മുത്തമിട്ട് ഫുട്‌ബോളിന്റെ മിശിഹ

Sports

കാല്‍പ്പന്തു കളിയുടെ കാവ്യനീതിയായി മാരക്കാനയിലെ സ്വപ്‌നഫൈനലിന് ഒടുവില്‍ ആദ്യ രാജ്യാന്തര കിരീടത്തില്‍ മുത്തമിട്ട് ഫുട്‌ബോളിന്റെ ഒരേയൊരു മിശിഹ.

ആറ് ബാലന്‍ദ്യോര്‍ പുരസ്‌കാരങ്ങളും യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍, ഫിഫ ലോക ഫുട്‌ബോളര്‍, ചാമ്ബ്യന്‍സ് ലീഗ്. ക്ലബ്ബ് ലോകകപ്പ് തുടങ്ങിയ നേട്ടങ്ങളെല്ലാമുണ്ടെങ്കിലും കരിയറില്‍ അപൂര്‍ണമായി ബാക്കിനിന്ന ഒരു രാജ്യാന്തര കിരീടം അര്‍ജന്റീന ജേഴ്സിയില്‍ മുത്തമിടാന്‍ ഒടുവില്‍ വഴി തുറന്നത് എന്നും ഒപ്പമുണ്ടായിരുന്ന സഹതാരം എഞ്ചല്‍ ഡി മരിയയും.

അര്‍ജന്റീനയുടെ തലമുറകള്‍ കാത്തിരുന്ന മാലാഖയായി ഏയഞ്ചല്‍ ഡി മരിയ മാറക്കാനയില്‍ പറന്നിറങ്ങിയപ്പോള്‍ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിയത് മെസി ആരാധകരുടെ മനസിലാണ്. ചരിത്രത്തിലേക്ക് നീട്ടിയ മരിയയുടെ ഒറ്റഗോളിന്റെ ബലത്തില്‍ കോപ്പ കിരീടം നെഞ്ചോടക്കുമ്ബോള്‍ വന്‍കരകള്‍ക്കും രാജ്യാതിര്‍ത്തികള്‍ക്കും അപ്പുറത്ത് അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ഇത് അനര്‍ഘ നിമിഷങ്ങളായി.

ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ മഹായുദ്ധത്തില്‍ കാനറികളെ നിശബ്ദരാക്കിയാണ് ലിയോണല്‍ മെസിയുടെ അര്‍ജന്റീന സ്വപ്ന കോപ്പ സ്വന്തമാക്കിയത്. എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ നീലാകാശം നിറവോടെ പിറവികൊണ്ടു.

ഫുട്ബോളിന്റെ വാഗ്ദത്തഭൂമിയില്‍ ഒടുവില്‍ കിരീടധാരണം. ഇന്നോളം വിമര്‍ശകര്‍ പരിഹസിച്ച കിട്ടാക്കനിയായ കിരീടം നേടി മിശിഹായുടെ സ്ഥാനാരോഹണം. 1993ന് ശേഷം ഇതാദ്യമായാണ് അര്‍ജന്റീന ഒരു പ്രധാന കിരീടം നേടുന്നത്.

പതിറ്റാണ്ടുകളായി തുടരുന്ന ഫൈനല്‍ വീഴ്ചകളുടേയും കിരീട വരള്‍ച്ചയുടെയും നിറം മങ്ങിയ കഥകളിലേക്ക് കിരീടത്തിളക്കത്തിന്റെ വര്‍ണമഴ പെയതിറങ്ങുമ്ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സിക്കും ഇത് സംതൃപതിയുടെ ദിവസമാണ്. ചാമ്ബ്യന്മാരെന്ന പകിട്ടോടെയെത്തിയ ബ്രസീലിനും ആരാധകര്‍ക്കും ഓര്‍ക്കാനിഷടമില്ലാത്ത മറ്റൊരു മാറക്കാന മത്സരം കൂടി.

കോപ്പ കിരീടം ഇതുവരെ സ്വന്തമാക്കാന്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിക്കോ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ക്കോ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുവരും മുഖാമുഖം വന്ന മാരക്കാനയിലെ സ്വപ്നഫൈനലില്‍ സൂപ്പര്‍താരങ്ങളില്‍ ആര് കിരീടത്തില്‍ മുത്തമിടുമെന്ന ചോദ്യമായിരുന്നു ആരാധകരുടെ മനസില്‍.

അന്താരാഷ്ട്ര തലത്തില്‍ മെസ്സിക്ക് ഇതുവരെ കിരീടനേട്ടങ്ങളുണ്ടായിരുന്നില്ല. 2007, 2015, 2016 വര്‍ഷങ്ങളില്‍ മെസ്സി കോപ്പ ഫൈനലില്‍ കളിച്ചെങ്കിലും ഫൈനലില്‍ അര്‍ജന്റീന പരാജയം നുകര്‍ന്നു. 2014 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോടും അര്‍ജന്റീന കീഴടങ്ങി.

ഒടുവില്‍ നീലയും വെള്ളയും കലര്‍ന്ന കുപ്പായക്കാരുടെ ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഒടുവില്‍ ഒരു സീനിയര്‍ ഫുട്ബോള്‍ കിരീടം മാറഡോണയുടെയും മെസ്സിയുടെയും നാട്ടുകാര്‍ക്ക് മാരക്കാനയില്‍ സ്വന്തമായി.

ഞായറാഴ്ച പുര്‍ച്ചെ നടന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്.