ഉക്രൈനെ റീബില്‍ഡ് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സമ്മേളനം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്നു

Business Headlines Russia Ukraine

ബേണ്‍ : ഉക്രൈനില്‍ റഷ്യ കനത്ത നാശം വിതച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ലക്ഷ്യവുമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ അന്താരാഷ്ട്ര സമ്മേളനം നടന്നു. മറ്റ് രാജ്യങ്ങള്‍ക്ക് എങ്ങനെ ഉക്രൈനെ സഹായിക്കാനാകും എന്നതിനെക്കുറിച്ച് ഉക്രെയ്ന്‍ റിക്കവറി കോണ്‍ഫറന്‍സ് എന്ന പേരിലാണ് സമ്മേളനം നടന്നത്.

ജൂലൈ 4, 5 തീയതികളില്‍ തെക്കന്‍ സ്വിസ് നഗരമായ ലുഗാനോയില്‍ കീവും, ബേണും സംയുക്തമായി സംഘടിപ്പിക്കുന്ന ഉക്രെയ്ന്‍ റിക്കവറി കോണ്‍ഫറന്‍സില്‍ ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

പ്രസ്തുത അന്താരാഷ്ട്ര മീറ്റിംഗില്‍ പങ്കെടുക്കാന്‍ ഉക്രൈനില്‍ നിന്ന് 100 അംഗ പ്രതിനിധി സംഘമാണ് ഉക്രെയ്ന്‍ പ്രധാനമന്ത്രി Denys Shmyhal നൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയത്. കൂടാതെ, രാജ്യത്തെ ഉന്നത നയതന്ത്രജ്ഞന്‍ ദിമിട്രോ കുലേബ ഉള്‍പ്പെടെ ആറ് ഉക്രേനിയന്‍ മന്ത്രിമാരും നിരവധി പ്രാദേശിക നേതാക്കളും ലുഗാനോയിലെ സമ്മളനത്തില്‍ പങ്കെടുത്തു.

ഉക്രൈനിന്റെ മൂന്ന് ഘട്ടങ്ങളുള്ള പുനര്‍നിര്‍മ്മാണ പദ്ധതിക്ക് 750 ബില്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്ന് സമ്മേളനത്തില്‍ നേരിട്ട് പങ്കെടുത്ത യുക്രെയ്ന്‍ പ്രധാനമന്ത്രി Denys Shmyhal വ്യക്തമാക്കി. ഉക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി നേരിട്ട് സമ്മേളനത്തില്‍ പങ്കെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് അദ്ദേഹം വീഡിയോ കോണ്‍ഫെറന്‍സിങ് വഴി പങ്കെടുക്കുകയാണ് ഉണ്ടായത്.