ന്യൂഡല്‍ഹി : കോവിഡ് മൂലം നിര്‍ത്തിവച്ച വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകള്‍ സജീവമാക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ഏപ്രില്‍ മാസം മുതല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് പ്രമുഖ വിദേശ എയര്‍ലൈനുകള്‍ തീരുമാനിച്ചിരിക്കുന്നത്.
ഏപ്രില്‍ 11 മുതല്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ദുബൈയിലിലേക്കുള്ള 170 സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. മുംബൈ-35, ഡല്‍ഹി-28, ബംഗളൂരു-24, ചെന്നൈ-24 ഹൈദരബാദ്-24, കൊച്ചി-14, കൊല്‍ക്കത്ത-11, അഹമ്മദാബാദ്-9, തിരുവനന്തപുരം-7 എന്നിങ്ങനെയാണ് എമിറേറ്റസ് പുനരാരംഭിക്കുന്ന പ്രതിവാര സര്‍വ്വീസുകളുടെ എണ്ണം.
ഇന്ത്യയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ വിവിധ ഘട്ടങ്ങളിലായി പുനരാരംഭിക്കാനാണ് എയര്‍ ഫ്രാന്‍സ്-KLM തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ പ്രതിവാരം 20 സര്‍വ്വീസുകളാണ് പുനരാരംഭിക്കുക. മെയ് മാസത്തില്‍ ഇത് 30 സര്‍വ്വീസുകളായി ഉയര്‍ത്തും. ബംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നീ വിമാനത്താവളങ്ങളിലാണ് എയര്‍ ഫ്രാന്‍സ് സര്‍വ്വീസുകള്‍ നടത്തുക. ഡല്‍ഹി, മുംബൈ എന്നീ ഗേറ്റ്‌വേകളിലൂടെയാണ് KLM ൻറെ സര്‍വ്വീസുകള്‍. ലണ്ടനില്‍ നിന്നും ന്യൂ ഡല്‍ഹിയിലേക്കുള്ള രണ്ടാമത്തെ സര്‍വ്വീസ് ജൂണ്‍ 1 മുതല്‍ ആരംഭിക്കുമെന്ന് വെര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍ലൈനും കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.