ലോക കേരളസഭ: പ്രതിപക്ഷം പ്രവാസികളുടെ പരിപാടി ബഹിഷ്‌കരിച്ചത് അപഹാസ്യമെന്ന് മുഖ്യമന്ത്രി

Breaking News Kerala Politics

തിരുവന്തപുരം : ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം പ്രവാസികളുടെ പരിപാടി ബഹിഷ്‌കരിച്ചത് അപഹാസ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിൻറെ വികസനമാണ് പ്രവാസികള്‍ എപ്പോഴും പറയുന്നത്. അതിലേക്ക് ലോകമലയാളികള്‍ മനസ്സ് അര്‍പ്പിച്ച് മുന്നേറുകയാണ്. അതിനോട് സഹകരിക്കുകയാണ് നന്മയുള്ളവര്‍ ചെയ്യുന്നത്. പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലോക കേരളസഭയുടെ മൂന്നാമത് സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക കേരള സഭയില്‍ യുഡിഎഫ്, എന്‍ഡിഎ നേതാക്കള്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രതിപക്ഷം പരിപാടിയില്‍ നിന്ന് വിട്ടുനിന്നതില്‍ വ്യവസായി എം.എ.യൂസഫലിയും സിപിഎമ്മും പ്രതിപക്ഷത്തെ വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിച്ചത് പ്രവാസികളോടുള്ള കൊടും ക്രൂരതയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻറെ വിമര്‍ശനം.

എന്നാല്‍, സ്വര്‍ണ്ണ കടത്തു കേസുമായി ബന്ധപ്പെട്ടുള്ള സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയുണ്ടായ പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍ കിടക്കുകയാണെന്നും, ഈ സമയത്ത് ലോക കേരള സഭയില്‍പോയി ഇരിക്കാന്‍ മാത്രം വിശാലമനസ്സ് യുഡിഎഫിനില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറുപടി നല്‍കി.