പള്ളികളില്‍ കുര്‍ബാനയുടെ പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായി നടത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതി

Kerala

സിറോ മലബാര്‍ സഭയുടെ ആരാധനക്രമം ഏകീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം. പുതിയ കുര്‍ബാന ക്രമത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കി. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാനില്‍ നിന്ന് കത്ത് അയച്ചു.സിറോ മലബാര്‍ സഭയിലെ ആരാധനക്രമം പരിഷ്‌കരിക്കാന്‍ സിനഡില്‍ തീരുമാനമായിരുന്നു. പരിഷ്‌കരിച്ച ആരാധന ക്രമം മാര്‍പ്പാപ്പയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. അംഗീകാരം ലഭിച്ചതോടെ പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന തര്‍ക്കത്തിനാണ് പരിഹാരമാകുന്നത്. എറണാകുളം- അങ്കമാലി അതിരൂപത ജനങ്ങള്‍ക്ക് അഭിമുഖമായി കുര്‍ബാന അര്‍പ്പിച്ച് പോന്നു.

ചങ്ങനാശേരി രൂപത അള്‍ത്താരയ്ക്ക് അഭിമുഖമായാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാര്‍പ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്. കുര്‍ബാനയുടെ ആദ്യ ഭാഗം ജനങ്ങള്‍ക്ക് അഭിമുഖമായും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പുതിയ ആരാധനാ ക്രമം നിലവില്‍ വരുന്നതോടെ കുര്‍ബാനയുടെ ദൈര്‍ഘ്യം കുറയും. തീരുമാനം ഉടന്‍ നടപ്പാക്കണമെന്നാണ് വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പ്. പുതിയ കുര്‍ബാന പുസ്തകത്തിനും മാര്‍പാപ്പ അംഗീകാരം നല്‍കി.