വാഷിംഗ്ടണ്‍ : റഷ്യയെ വഴിവിട്ട് സഹായിക്കുന്നതിനെതിരെ ചൈനയ്ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻറെ മുന്നറിയിപ്പ്. പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നടത്തിയ വീഡിയോ കോളിലാണ് ബൈഡന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
റഷ്യന്‍ സൈന്യം സിവിലിയന്മാര്ക്ക് നേരെ ആക്രമണം തുടരുന്നതായുള്ള ഉക്രൈൻറെ ആരോപണത്തിൻറെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രസിഡന്റിൻറെ ഇടപെടലുണ്ടായത്.
ഉക്രൈനിയന്‍ നഗരങ്ങള്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ ക്രൂരമായ ആക്രമണം നടത്തുന്ന റഷ്യയ്ക്ക് പിന്തുണ നല്കിയാല് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും ഷിയോട് ബൈഡന് വിവരിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
ലോകം മുഴുവന്‍ റഷ്യയുടെ ആക്രമണത്തെ അപലപിച്ചെങ്കിലും ഇതുവരെ ചൈന അതിന് തയ്യാറായിട്ടില്ല. ഇത് ലോകം ശ്രദ്ധിച്ച സംഗതിയാണ്. വന്‍ശക്തിയായ ചൈന മോസ്കോയ്ക്ക് സാമ്പത്തികവും സൈനികവുമായ പിന്തുണ നല്‍കുമെന്ന ഭയം വാഷിംഗ്ടണുണ്ട്. റഷ്യയെ അപലപിക്കണമെന്ന് യുഎസില്‍ നിന്നും സമ്മര്ദ്ദമുണ്ടായെങ്കിലും ചൈന അതിന് മുതിര്‍ന്നതുമില്ല. ഈ സാഹചര്യത്തിലാണ് ബൈഡൻറെ ഫോണ്‍ സംഭാഷണമെന്നാണ് സൂചന. രണ്ട് മണിക്കൂറോളം സമയം ജോ ബൈഡനും ഷിന് പിംഗുമായി സംസാരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഉക്രൈയ്ന് പ്രതിസന്ധി ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കാത്ത ഒന്നാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. വെറുതെ കുറ്റപ്പെടുത്താതെ സംഘര്‍ഷത്തിന് പിന്നിലെ ഘടകങ്ങള്‍ പരിഹരിക്കാന്‍ നാറ്റോ റഷ്യയുമായി ചര്‍ച്ച നടത്തണമെന്ന നിലപാടാണ് ചൈനയുടേത്. ഇക്കാര്യവും ചൈനിസ് പ്രസിഡന്റ് വ്യക്തമാക്കിയതായാണ് വിവരം.