ഉക്രെയ്‌നെതിരായ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി ബ്രിട്ടണ്‍. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സ്വേച്ഛാധിപതിയാണെന്ന് തുറന്നടിച്ചുകൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം അറിയിച്ചത്. ഉക്രെയ്‌നില്‍ റഷ്യ നടത്തുന്നത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉക്രെയ്‌ന് പിന്തുണയുമായി ഫ്രാന്‍സ് രംഗത്തുവന്നു. ഉക്രെയ്‌ന് എല്ലാവിധ സഹായം നല്‍കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. മാക്രോണിൻറെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് ശേഷം ഉക്രെയ്‌നുമായുള്ള പിന്തുണ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി ജീന്‍ യെവ്സ് ലെ ഡ്രിയാന്‍ അറിയിക്കുകയായിരുന്നു.
അതിനിടെ റഷ്യയെ പിന്തുണച്ച് ചൈന രംഗത്ത് വന്നു. ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നാണ് ചൈന പറയുന്നത്. നിലവിലെ സംഭവം വളരെ സങ്കീര്‍ണ്ണവും ചരിത്രപരമായ അനവധി പ്രത്യേകതകളും ചേര്‍ന്ന ഒന്നാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.
‘റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാന്‍ ആവില്ല. വളരെ മുന്‍വിധി കലര്‍ന്ന ഒരു പ്രയോഗവും ചിന്തയുമാണ് അത്. എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഉക്രെയ്ന്‍ സംഭവം വളരെ സങ്കീര്‍ണ്ണവും ചരിത്രപരമായ അനവധി പ്രത്യേകതകളും ചേര്‍ന്ന ഒന്നാണ്. എന്നാല്‍ യുഎസും വടക്കന്‍ യൂറോപ്പും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് എരിതീയില്‍ എണ്ണ ചേര്‍ക്കുന്ന ഒന്നാണ്’ – ചുന്‍യിങ് പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഇന്ന് രാത്രി ചര്‍ച്ച നടത്തും. റഷ്യ തന്നെയാണ് ഇത്തരത്തിലുള്ള ചര്‍ച്ച വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്. റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഇന്ത്യ ശക്തമായി ഇടപെടണമെന്ന് ഉക്രെയ്ന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.