മുഖ്യമന്ത്രി രാജി വെയ്ക്കില്ല, കലാപമുണ്ടാക്കിയാല്‍ ജനത്തെ അണിനിരത്തി നേരിടും: കോടിയേരി

Breaking News Crime Kerala Politics

തിരുവനന്തപുരം : സ്വപ്ന സുരേഷിൻറെ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് സംഘടിത ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കില്ലെന്നും കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നത്തെ അണിനിരത്തി നേരിടുമെന്നും കോടിയേരി മുന്നറിയിപ്പു നല്‍കി.

‘സ്വപ്നയുടെ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളാണ്. നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് വ്യത്യസ്തമാണെല്ലാം. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ഒരു ബന്ധവും ഇല്ല എന്നു പറഞ്ഞത് മാറ്റി. മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ നേരത്തെ തന്നെ ആരോപണം വന്നതാണ്. അതെല്ലാം ഒന്നര വര്‍ഷം അന്വേഷിച്ചു. ഇത് വീണ്ടും കുത്തിപ്പൊക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ഉദേശമാണ്’ – കോടിയേരി പറഞ്ഞു.

ശരിയായ രീതിയില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്വപ്നയുടെ ഇപ്പോഴത്തെ മൊഴി എത്രത്തോളം വിശ്വസനീയമെന് കോടതി തീരുമാനിക്കേണ്ടതാണ്. ബിരിയാണിയും ചെമ്പുമാണ് പുതുതായി വന്ന കാര്യം. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന സംഘടിത ആക്രമണമാണിത്. പിന്നിലെ ഗൂഢാലോചന സര്‍ക്കാര്‍ കണ്ടെത്തണം. ഫലപ്രദമായ അന്വേഷണ സംവിധാനം സര്‍ക്കാരുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കലാപത്തിന് ഗൂഢശ്രമം നടക്കുന്നു. കലാപമുണ്ടാക്കിയാലും മുഖ്യമന്ത്രി രാജി വയ്ക്കില്ല. ജനത്തെ അണിനിരത്തി നേരിടുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻറെയും കോടിയേരി ബാലകൃഷ്ണൻറെയും ഫണ്ടുകള്‍ അമേരിക്കയിലേക്കു പോകുന്നതായി ഷാജ് കിരണ്‍ പറഞ്ഞെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. അതേസമയം, താന്‍ അമേരിക്കയില്‍ മൂന്നു തവണ ചികില്‍ത്സയ്ക്കു പോയിട്ടുണ്ടെന്നും അതിൻറെ ചെലവ് വഹിച്ചത് പാര്‍ട്ടിയാണെന്നും കോടിയേരി പ്രതികരിച്ചു. ചികിത്സയുടെ ചെലവ് മറ്റാരും വഹിച്ചിട്ടില്ല. മറ്റുള്ള കാര്യങ്ങള്‍ ആരോപണം ഉന്നയിക്കുന്നവരോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.