ചാരുംമൂട് കൊലപാതകം മകള്‍ക്കും കൂട്ടു പ്രതികള്‍ക്കും ജീവപര്യന്തം

Kerala

ആലപ്പുഴ : ചാരുമ്മൂട്ടില്‍ പിതാവിനെ കൊലപ്പെടുത്തിയ മകള്‍ക്കും കാമുകനും കൂട്ടാളിക്കും ജീവപര്യന്തം. ചാരുംമൂട് സ്വദേശി ശശിധരപ്പണിക്കരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ശ്രീജമോള്‍, കായംകുളം സ്വദേശി റിയാസ്, സുഹൃത്ത് രതീഷ് എന്നിവര്‍ക്കാണ് ശിക്ഷ. 50,000 രൂപ പിഴയും അടയ്ക്കണം. കാമുകനൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്തിയത്.

കേസിലെ ഒന്നാം പ്രതിയായ റിയാസ് ചാരുംമൂട്ടിലെ വ്യാപാരസ്ഥാപനത്തില്‍ ജോലിചെയ്യവേ സമീപത്തെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂന്നാം പ്രതിയായ ശ്രീജമോളുമായി പ്രണയത്തിലായി. ഇതിനിടെ റിയാസ് ജോലി തേടി വിദേശത്തു പോയി. ശ്രീജമോള്‍ ഒപ്പം ജോലി ചെയ്ത തിരുവനന്തപുരം സ്വദേശി ശ്രീജിത്തിനെ വിവാഹം ചെയ്തു. വിവാഹത്തിനു ശേഷവും ശ്രീജമോള്‍ റിയാസുമായുള്ള അടുപ്പം തുടരുന്നതു മനസിലാക്കിയ ശ്രീജിത് വിവാഹമോചനം നേടി.ഈ ബന്ധത്തില്‍ ശ്രീജമോള്‍ക്കു 12 വയസുള്ള മകളുണ്ട്.

വിവാഹമോചനത്തിനു ശേഷവും മകള്‍ ആര്‍ഭാട ജീവിതം നയിക്കുന്നതിനെ ശശിധരപ്പണിക്കര്‍ എതിര്‍ത്തതോടെ വീട്ടില്‍ വഴക്കു പതിവായി. പിതാവ് ജീവിച്ചിരുന്നാല്‍ റിയാസിനൊപ്പം കഴിയാന്‍ സാധിക്കില്ലെന്നു ബോധ്യപ്പെട്ട ശ്രീജമോള്‍ റിയാസുമായി ഗൂഢാലോചന നടത്തി. തനിക്കൊപ്പം വിദേശത്തു മുന്‍പ് ജോലി ചെയ്തിരുന്ന രതീഷുമായി ആലോചിച്ചുറപ്പിച്ച് റിയാസ് അവധിക്കു നാട്ടിലെത്തി.2013 ഫെബ്രുവരി 19നു ഇരുവരും നാട്ടില്‍ കണ്ടുമുട്ടി. ശശിധരപ്പണിക്കരെ മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചു.

തിരുവല്ല തുകലശേരിയിലെ സ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന ശശിധരപ്പണിക്കരെ ഇടുക്കിയിലെ എസ്റ്റേറ്റില്‍ മികച്ച ശമ്പളത്തില്‍ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ചു സംഭവദിവസം രാത്രി 8നു നൂറനാട് പടനിലത്തു കരിങ്ങാലിപ്പുഞ്ചയ്ക്കു സമീപം എത്തിച്ച് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി.വിഷം കലര്‍ന്ന മദ്യം കുടിച്ച ശശിധരപ്പണിക്കര്‍ ഛര്‍ദിച്ചതോടെ മരിക്കില്ലെന്നു കരുതിയ റിയാസും രതീഷും വെട്ടുകല്ല് ഉപയോഗിച്ചു തലയ്ക്ക് അടിച്ചു . കത്തി ഉപയോഗിച്ചു കുത്തിയും പരുക്കേല്‍പ്പിച്ചു. തോര്‍ത്ത് കൊണ്ട് ശ്വാസം മുട്ടിച്ച ശേഷം സമീപത്തെ കുളത്തില്‍ ഉപേക്ഷിച്ചതായാണു പ്രോസിക്യൂഷന്‍ കേസ്. 26നാണ് മൃതദേഹം സമീപവാസികള്‍ കണ്ടത്.

അന്നത്തെ മാവേലിക്കര സിഐ: കെ.ജെ.ജോണ്‍സന്‍, നൂറനാട് എസ്‌ഐ ആര്‍.ഫയാസ് എന്നിവരുടെ നേതൃത്വത്തില്‍ കേസന്വേഷിച്ച് ഒരു മാസത്തിനു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.സോളമന്‍ ഹാജരായി. വിചാരണ വേളയില്‍ ശശിധരപ്പണിക്കരുടെ ഭാര്യയും മറ്റൊരു മകളും മൂന്നാം പ്രതിയായ ശ്രീജമോള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയതിനാല്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു. 31 സാക്ഷികളെ വിസ്തരിച്ച കേസില്‍ 42 തൊണ്ടിമുതലും 70 രേഖകളും ഹാജരാക്കി.