റോം: ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോക്ടര്‍ നീന മല്‍ഹോത്രയക്ക് ആഗോള തലത്തില്‍ പുതിയ ചുമതല.ഐക്യരാഷ്ട സഭയുടെ ഒരു സ്‌പെഷ്യലൈസ്ഡ് ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റിൻറെ (IFAD) മൂല്യനിര്‍ണയ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കാണ് കഴിഞ്ഞ ദിവസം നീന മല്‍ഹോത്ര നിയോഗിക്കപ്പെട്ടത്. പുതിയ സ്ഥാനമേറ്റെടുത്തെങ്കിലും അവര്‍ ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ സ്ഥാനത്തു തുടരുകയും ചെയ്യും.
1978 മുതല്‍ റോം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക സഹായ സ്ഥാപനമാണ് IFAD. വികസ്വര രാഷ്ട്രങ്ങളിലെ ഗ്രാമീണ മേഖലകളിലെ ദാരിദ്ര്യം, പട്ടിണി തുടങ്ങിയ വിഷയങ്ങളില്‍ സ്ഥാപനം ഇടപെട്ടു വരുന്നുണ്ട്. ഇതുവരെ 23.2 ബില്യണ്‍ യു എസ് ഡോളറാണ് ഏജന്‍സി ഗ്രാന്റുകളായും, പലിശ കുറഞ്ഞ വായ്പകളായും ജനങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്. 518 മില്യണോളം ആളുകള്‍ ഇതിൻറെ ഗുണഭോക്താക്കളായിട്ടുണ്ട്.
ഗ്രാമീണ മേഖലകളിലെ വാട്ടര്‍ മാനേജ്‌മെന്റ്, ലാന്റ് മാനേജ്‌മെന്റ്, അടിസ്ഥാന സൗകര്യ വികസനം, കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യകള്‍ സംബന്ധിച്ച പരിശീലനങ്ങള്‍ എന്നിവയും നടത്തി വരുന്ന ഏജന്‍സിയാണ് IFAD.