പത്തനംതിട്ട: അടൂരില്‍ ബസുകളില്‍ മോഷണം നടത്തുന്ന ഇതരസംസ്ഥാനക്കാരായ സ്ത്രീകളെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിനികളാണ് പിടിയിലായവര്‍. പഴനി സ്വദേശികളായ നന്ദിനി, സരസ്വതി, സുമതി എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പേരുകള്‍ യഥാര്‍ത്ഥമാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളെ മയക്കാന്‍ കഴിയും വിധമുള്ള ഗുളികകളും ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അടൂര്‍ ബസ് സ്റ്റാന്റില്‍ വീട്ടമ്മയുടെ ബാഗ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ തടഞ്ഞു വയ്‌ക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പലയിടത്തും സംഘം മോഷണം നടത്തിയതായി പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. പുരുഷന്മാരും ഇവരുടെ സംഘത്തിലുണ്ട്. ഇവരെ പിടികൂടാനായിട്ടില്ല.
ബസില്‍ നിന്ന് മോഷ്ടിക്കുന്ന ആഭരണങ്ങള്‍ ഉടന്‍ തന്നെ സംഘത്തിലുള്ള പുരുഷന്മാര്‍ക്ക് കൈമാറുന്നതാണ് ഇവരുടെ രീതി. മോഷണത്തിന് ശേഷം തൊട്ടടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി രക്ഷപെടും. സംശയം തോന്നി പിടികൂടിയാലും ഇവരില്‍ നിന്ന് മോഷണമുതല്‍ കണ്ടെത്താനാകില്ല. ഇവര്‍ക്കൊപ്പമുള്ള കുട്ടികളെ ലഹരി കൊടുത്ത് മയക്കി കിടത്തുന്നതാണ് രീതിയെന്നും പോലീസ് പറഞ്ഞു.