വിദേശ തൊഴിലാളികള്‍ക്ക് സ്വാഗതമോതി കാനഡ

Business Canada Education Tourism

ഒട്ടാവ : തൊഴില്‍ വിപണിയിലെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് വിദേശ തൊഴിലാളികള്‍ക്ക് സ്വാഗതമോതുകയാണ് കാനഡ. ടെംപററി ഫോറിന്‍ വര്‍ക്കേഴ്സ് പദ്ധതിയാണ് കാനഡ പരീക്ഷിക്കുന്നത്.

കനേഡിയന്‍ തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നതിന് അനുമതി നല്‍കുന്നതാണ് പുതിയ നിയമം. സീഫുഡ് പ്രോസസ്സിംഗ് പോലുള്ള സീസണല്‍ ഇന്‍ഡസ്ട്രികളിലെ വിദേശ തൊഴിലാളികള്‍ക്കുള്ള നിയന്ത്രണം സര്‍ക്കാര്‍ ഈ മാസം ആദ്യം നീക്കിയിരുന്നു. ഇതിൻറെ തുടര്‍ച്ചയെന്ന നിലയിലാണ് പുതിയ നിയമവും വരുന്നത്. രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികള്‍ ലഘൂകരിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ വിവാദ പരീക്ഷണം.

കാനഡയിലെ തൊഴിലാളികളെ കിട്ടാനില്ലെന്ന് ചൂണ്ടിക്കാട്ടുന്ന കമ്പനികള്‍ക്കും മറ്റുമാണ് ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിൻറെ പ്രയോജനം ലഭിക്കുക. നിര്‍മ്മാണം, ചില്ലറ വില്‍പ്പന, ഹോട്ടലുകള്‍, ഫുഡ് സര്‍വ്വീസ്, എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളി ക്ഷാമം നേരിടുന്നത്. ഈ മേഖലകളില്‍ നിലവിലുള്ള തൊഴിലാളികളുടെ എണ്ണത്തിൻറെ 30% വരെ വര്‍ധിപ്പിക്കാനാണ് അനുമതി ലഭിക്കുക.ഇതര
മേഖലകളില്‍ 20 ശതമാനവും അനുവദിക്കും. നിലവില്‍ ഈ മേഖലകളിലെല്ലാം വിദേശ തൊഴിലാളികളുടെ പരിധി പത്ത് ശതമാനമാണ്.

തൊഴിലാളികളുടെ ക്ഷാമം രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇതു പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആയിരക്കണക്കിന് വിദേശികള്‍ക്ക് ഇത് അവസരമൊരുക്കുമെന്നാണ് കരുതുന്നത്.

പ്രതിപക്ഷവും വിമര്‍ശകരും നല്‍കിയ മുന്നറിയിപ്പുകളെ അവഗണിച്ചാണ് വിസ ഉദാരവല്‍ക്കരണവുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഈ മാറ്റങ്ങള്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിമര്‍ശനം. ഈ പരീക്ഷണം വേതനം കുറയ്ക്കുന്നതിനിടയാക്കുമെന്നും വിദേശ തൊഴിലാളികളെ ചൂഷണത്തിന് ഇരയാക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

തൊഴില്‍ വിപണി ആവശ്യങ്ങള്‍ നിറവേറ്റുകയും ഒപ്പം തൊഴില്‍ സംരക്ഷണം ഉറപ്പാക്കുകയുമെന്ന വലിയ വെല്ലുവിളിയാണ് സര്‍ക്കാര്‍ നേരിടുന്നതെന്ന് കനേഡിയന്‍ എംപ്ലോയ്‌മെന്റ് മന്ത്രി കാര്‍ല ക്വാള്‍ട്രോ പറഞ്ഞു.