മുംബൈ: അജ്ഞാതന്‍ അയച്ച പാഴ്സലില്‍ വധഭീഷണിക്കത്തും വെടിയുണ്ടയും ലഭിച്ചെന്ന പരാതിയുമായി അധ്യാപകന്‍. മഹാരാഷ്ട്രയിലെ ദഹിസറിലാണ് സംഭവം.
കഴിഞ്ഞാഴ്ചയാണ് സംഭവം നടന്നത്. അധ്യാപകന്‍റെ മാതാപിതാക്കളുടെ വീട്ടിലെ ലെറ്റര്‍ ബോക്സില്‍ നിന്നാണ് കത്തും വെടിയുണ്ടയും ലഭിച്ചത്. 7.66മി.മി വെടിയുണ്ടകളാണ് ലഭിച്ചത്. ഹിന്ദിയിലാണ് സന്ദേശം. ഇത് മരണത്തിന്‍റെ സന്ദേശമാണ് എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ അധ്യാപകന്‍ കത്തും വെടിയുണ്ടകളും ഹാജരാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് സംശയമുള്ള ഒരാളെക്കുറിച്ചും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയുടെ വിശ്വാസ്യതയെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.