റോം: സിസിലിയയില്‍ നടന്ന ബില്‍ഡിംഗ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തിങ്കളാഴ്ചയും തുടര്‍ന്ന തിരച്ചിലിനൊടുവില്‍ നാല് മൃതദേഹങ്ങള്‍കൂടെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഏഴിലേക്കുയര്‍ന്നത്. ഇനിയും രണ്ടു പേരെ കൂടെ കണ്ടെത്താനുണ്ടെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ് അറിയിച്ചു. ശനിയാഴ്ചയായിരുന്നു ഇവിടെ വലിയ പൊട്ടിത്തെറിയെണ്ടാവുകയും, കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു വീഴുകയും ചെയ്തത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിൻറെ ഭാഗമായി രണ്ടു പേരെ ജീവനോടെ കണ്ടെത്താനും രക്ഷാ പ്രവര്‍ത്തകര്‍ക്കായിരുന്നു.
അപകടകാരണം തിരിച്ചറിയുന്നതിനായുള്ള അന്വേഷണവും ഈ ഘട്ടത്തില്‍ പുരോഗമിക്കുകയാണ്. ഗ്യാസ് പൈപ്പിലെ ലീക്ക് മൂലം തന്നെയാണ് പൊട്ടിത്തെറിയുണ്ടായത് എന്നാണ് അന്വേഷണ സംഘത്തിൻറെ പ്രാഥമിക നിഗമനം. അതേസമയം ഗ്യാസ് ലീക്ക് സംബന്ധിച്ച തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് നാച്ചുറല്‍ ഗ്യാസ് വിതരണക്കാരായ ഇറ്റാല്‍ ഗ്യാസിൻറെ പ്രതികരണം. അപകടം നടന്ന മേഖലയിലെ പൈപ്പ് ലൈനില്‍ യാതൊരു നിര്‍മാണപ്രവര്‍ത്തനവും നടന്നിട്ടില്ല എന്നും, 2020ലും 2021 ലും ഈ മേഖലയിലെ മുഴുവന്‍ വിതരണശ്രംഖലയിലും സുരക്ഷാ പരിശോധനകള്‍ നടത്തിയതാണെന്നും വിതരണക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അപകടസമയത്ത് ഗ്യാസിൻറെ മണമുണ്ടായിരുന്നു എന്നാണ് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.