മുംബൈ ടെസ്റ്റില്‍ ഇന്ത്യയുടെ 10 വിക്കറ്റും സ്വന്തമാക്കി ചരിത നേട്ടം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ ന്യുസിലാന്‍ഡ് താരം അജാസ് പട്ടേല്‍. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒറ്റ ഇന്നിംഗ്സില്‍ 10 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളര്‍ എന്ന നേട്ടം അജാസ് തൻറെ സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്.ഇംഗ്ലണ്ട് താരം ജിം ലേക്കറിനും ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാണ് അജാസ്. ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടില്ലെന്ന് കരുതിയ റെക്കോര്‍ഡാണ് ഈ ലെഫ്റ്റ് ആം ലെഗ് സ്പിന്‍ ബൗളര്‍ സ്വന്തമാക്കിയത്.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിൻറെ ആദ്യ ഇന്നിംഗ്സിലാണ് ഈ ചരിത്ര നിമിഷം പിറന്നത്. മറ്റു കിവീസ് ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ ബാറ്റേഴ്‌സിനെതിരെ യാതൊന്നും ചെയ്യാന്‍ സാധിക്കാത്ത സമയത്താണ് 33 വയസുകാരന്‍ അജാസിൻറെ മാന്ത്രിക പ്രകടനം. മുംബൈയില്‍ ജനിച്ച അജാസിന് തൻറെ ജന്മനാട്ടില്‍ തന്നെ ഈ ചരിത്ര നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതിൻറെ സന്തോഷം ഊഹിക്കാവുന്നതേയുള്ളൂ.
അതേസമയം, മത്സരത്തില്‍ വമ്പന്‍ ലീഡ് നേടി ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് ഇന്ത്യ. ഒന്നാം ഇന്നിംഗ്സില്‍ 150 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഇന്ത്യന്‍ ടോപ്പ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ (52), ശുഭ്മന്‍ ഗില്‍ (44) എന്നിവരും ഇന്ത്യക്ക് വേണ്ടി തിളങ്ങി. ബോളിങ്ങില്‍ ഇന്ത്യക്കായി മുഹമ്മദ് സിറാജ് വിക്കറ്റ് വേട്ടയില്‍ തുടക്കമിട്ടു. പിന്നീട് അക്‌സര്‍ പട്ടേലും രവി അശ്വിനും ചേര്‍ന്ന് കിവീസിനെ പൂട്ടിക്കെട്ടി. സിറാജ് മൂന്നും, അക്‌സര്‍ രണ്ടും, ജയന്ത് യാദവ് ഒന്നും അശ്വിന്‍ നാലും വിക്കറ്റ് വീതം വീഴ്ത്തി.