വലേറ്റ : യൂറോപ്പില്‍ നല്ല ജീവിതം തേടി പുറപ്പെട്ട 30 കുടിയേറ്റക്കാരെ മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടു മുങ്ങി കാണാതായി, ചിലര്‍ മരണപ്പെടുകയും ചെയ്തു. ലിബിയയില്‍ നിന്നും യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ റബ്ബര്‍ ബോട്ടു മുങ്ങിയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ മരിച്ചതെന്ന് അന്താരാഷ്ട്ര ചാരിറ്റി സംഘടന വെളിപ്പെടുത്തുന്നു. കാണാതായവരില്‍ അഞ്ച് സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് എം എസ് എഫ് അറിയിച്ചു.
സെന്‍ട്രല്‍ മെഡിറ്ററേനിയന്‍ റൂട്ടിലാണ് ബോട്ട് മുങ്ങിയതെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എം എസ് എഫ്) പറഞ്ഞു. എം എസ് എഫിൻറെ റെസ്‌ക്യൂ ഷിപ്പ് ജിയോ ബാരന്റ്സ് എത്തിയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളരെ രക്ഷിച്ചത്. ഗര്‍ഭിണിയായ സ്ത്രീ ഷിപ്പില്‍ മരിച്ചെന്നും സംഘടന വെളിപ്പെടുത്തി.
മണിക്കൂറുകളോളം വെള്ളത്തില്‍ കഴിഞ്ഞത് രക്ഷപ്പെട്ടവരെയെല്ലാം അവശരാക്കി. ഒന്നിലധികം പേര്‍ക്ക് ഹൈപ്പോഥെര്‍മിയ ബാധിച്ചെന്ന് ബോര്‍ഡിലെ എം എസ് എഫ് മെഡിക്കല്‍ ടീം ലീഡര്‍ സ്റ്റെഫാനി ഹോഫ്‌സ്റ്റെറ്റര്‍ പറഞ്ഞു. രക്ഷപ്പെട്ടെത്തുന്നവരെ സഹായിക്കുന്നതിന് തുറമുഖത്ത് ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ഇറ്റാലിയന്‍, മാള്‍ട്ടീസ് അധികൃതരോട് ചാരിറ്റി ആവശ്യപ്പെട്ടു.
യുദ്ധം, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാല്‍ ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും പലായനം ചെയ്യുന്ന കുടിയേറ്റക്കാരുടെ പ്രധാന ട്രാന്‍സിറ്റ് പോയിന്റാണ് ലിബിയ. 2011ല്‍ ദീര്‍ഘകാല സ്വേച്ഛാധിപതിയായിരുന്ന മൊഅമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടതോടെ എണ്ണ സമ്പന്നമായ ഈ രാജ്യം അരാജകത്വത്തിലാണ്.
ഈ സാഹചര്യം മുതലെടുത്ത് മനുഷ്യക്കടത്തുകാരും ലിബിയയില്‍ സജീവമാണ്. അതിര്‍ത്തിയിലെ ആറ് രാഷ്ട്രങ്ങളില്‍ നിന്നും ഇവര്‍ ആളെ കടത്തുകയാണ്. റബ്ബര്‍ ബോട്ടുകളില്‍ കുത്തിനിറച്ചാണ് ഇവര്‍ ആളെ കടത്തുന്നത്.
അടിമപ്പണി, മര്‍ദനം, ബലാത്സംഗം, പീഡനം എന്നിവയുള്‍പ്പെടെ ലിബിയയിലെ കുടിയേറ്റക്കാരെ ആസൂത്രിതമായി ദുരുപയോഗം ചെയ്യുന്നതായി മനുഷ്യാവകാശഗ്രൂപ്പുകളും യു എന്‍ ഏജന്‍സികളും ചൂണ്ടിക്കാട്ടുന്നു. സെന്‍ട്രല്‍ മെഡിറ്ററേനിയനില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷൻറെ വക്താവ് സഫ മസെഹ്ലി പറഞ്ഞു