പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ സ്‌ഫോടനം

Breaking News Pakistan

കറാച്ചി : ചൊവ്വാഴ്ച പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രവിശ്യയിലെ സിബി ജില്ലയിലാണ് സ്‌ഫോടനം നടന്നത്. പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 63 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സ്‌ഫോടനം ചാവേറാക്രമണമാണെന്ന് തോന്നുന്നുവെന്ന് തീവ്രവാദ വിരുദ്ധ വകുപ്പ് (എസ്‌ഐബിഐ) പറഞ്ഞു. മേള നടക്കുന്ന കോൾഡ് റോഡിന് സമീപത്തെ തുറസ്സായ സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. ആക്രമണത്തിൻറെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. പ്രവിശ്യാ മുഖ്യമന്ത്രി മിർ അബ്ദുൾ ഖുദ്ദൂസ് ബിജെൻജോ ആക്രമണത്തെ അപലപിക്കുകയും സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ, ഇറാൻ അതിർത്തിയോട് ചേർന്നുള്ള ബലൂചിസ്ഥാനിൽ അക്രമം നേരിടുകയാണ്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയെയും മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ബലൂച് വിമതർ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച, പെഷവാറിലെ ഷിയാ പള്ളിക്കുള്ളിൽ ഒരു സമ്മേളനത്തിനിടെ ഐസിസ് ചാവേർ ബോംബർ സ്വയം പൊട്ടിത്തെറിക്കുകയും 63 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാർച്ച് 2 ന്, ക്വറ്റയിലെ ഫാത്തിമ ജിന്ന റോഡിൽ ഒരു പോലീസ് വാനിനു സമീപം ഒരു ബോംബ് പൊട്ടിത്തെറിച്ചു, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫെബ്രുവരി രണ്ടിന് ബലൂചിസ്ഥാനിലെ പഞ്ച്ഗുർ, നൗഷ്കി മേഖലകളിൽ സുരക്ഷാ സേനയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ 20 ഭീകരരും ഒമ്പത് സൈനികരും കൊല്ലപ്പെട്ടിരുന്നു.