കാബൂൾ: താലിബാൻ സർക്കാർ വന്നതിന് ശേഷം അഫ്ഗാനിസ്ഥാനിൽ അസ്ഥിരതയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വെള്ളിയാഴ്ച വൻ സ്ഫോടനം ഉണ്ടായി. നംഗർഹാർ പ്രവിശ്യയിലെ സ്പിൻഘർ ജില്ലയിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. മസ്ജിദിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് പള്ളിയുടെ ഉൾഭാഗത്ത് സ്‌ഫോടനം നടന്നത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിച്ചടക്കിയതിനുശേഷം, മുസ്ലീം പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ തീവ്രമായിരിക്കുന്നു. നേരത്തെയും നിരവധി ഷിയ പള്ളികൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒക്‌ടോബർ ആദ്യം അഫ്ഗാനിസ്ഥാനിലെ കുന്ദൂസ് നഗരത്തിലെ പള്ളിയിലുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ആ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടനം നടക്കുമ്പോൾ പ്രദേശത്ത് താമസിക്കുന്ന ഷിയാ മുസ്ലീങ്ങൾ ധാരാളമായി പള്ളിയിൽ പ്രാർത്ഥന നടത്താൻ എത്തിയിരുന്നു.