ഗൗതം അദാനി ലോകത്തിലെ ആറാമത്തെ സമ്പന്നൻ

Business Headlines India Special Feature

ന്യൂഡൽഹി : ഇന്ത്യൻ വ്യവസായി ഗൗതം അദാനി സമ്പത്തിൻറെ കാര്യത്തിൽ വളരെ വേഗത്തിൽ മുന്നേറുകയാണ് . ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം ഗൗതം അദാനി ഇപ്പോൾ ലോകത്തിലെ ആറാമത്തെ സമ്പന്നനായി. അതേ സമയം ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ ഗൗതം അദാനിയെക്കാൾ മൂന്ന് സ്ഥാനങ്ങൾ താഴെയാണ് ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി. സൂചികയിൽ അദാനി ആറാം സ്ഥാനത്തും മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തുമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൗതം അദാനിയുടെ ആസ്തി വളരെ വേഗത്തിൽ വളർന്നു. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം 119 ബില്യൺ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. 533 മില്യൺ ഡോളറിൻറെ വർധനയാണിത്. അതേസമയം, മുകേഷ് അംബാനിയുടെ ആസ്തി 1.17 ബില്യൺ ഡോളറിൻറെ വർധനയോടെ 102 ബില്യൺ ഡോളറാണ്.

അടുത്തിടെ ഗൗതം അദാനിയുടെ കമ്പനിയായ അദാനി ഗ്രീൻ എനർജി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 10 സ്ഥാപനങ്ങളിൽ ഉൾപ്പെട്ടിരുന്നു. അദാനി ഗ്രീനിൻറെ വിപണി മൂലധനം കഴിഞ്ഞ ആഴ്ച 3,698.89 കോടി രൂപ ഉയർന്ന് 4,51,749.88 കോടി രൂപയായി. ഇതോടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ ഏഴാം സ്ഥാനത്തെത്തി.

ഏപ്രിൽ 22 ലെ കണക്കനുസരിച്ച്, വിപണി മൂലധനം അനുസരിച്ച് മികച്ച 10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനത്താണ്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, അദാനി ഗ്രീൻ എനർജി (ഏഴാം സ്ഥാനം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ എന്നിവയാണ് തൊട്ടുപിന്നിൽ.