അയര്‍ലണ്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

Breaking News Europe Health

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഗോള്‍വേയിലാണ് ഉയര്‍ന്ന രോഗകാരിയായ ഏവിയന്‍ ഇന്‍ഫ്ളുവന്‍സയുടെ (എച്ച്.പി.എ.ഐ) കേസ് കണ്ടെത്തിയതെന്ന് കൃഷി, ഭക്ഷ്യ വകുപ്പ് സ്ഥിരീകരിച്ചു. ഈ സീസണില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണിത്. ഗോള്‍വേയിലെ ഒറാന്‍മോറിലെ ഒരു കാട്ടുപക്ഷിയിലാണ് എച്ച്5എന്‍1 സബ്ടൈപ്പിലുള്ള രോഗം കണ്ടെത്തിയത്.

ഡിപ്പാര്‍ട്ട്‌മെന്റിൻറെ വൈല്‍ഡ് ബേര്‍ഡ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ നിരീക്ഷണ പരിപാടിയുടെ ഭാഗമായി കണ്ടെത്തിയ ”രോഗിയായ” പെരെഗ്രിന്‍ ഫാല്‍ക്കണിനെ ലിമെറിക് റീജിയണല്‍ വെറ്ററിനറി ലബോറട്ടറിയില്‍ പ്രവേശിപ്പിച്ചു.

‘ബേര്‍ഡ് ഫ്ളൂ’ എന്നറിയപ്പെടുന്ന വൈറസ്, ഭൂഖണ്ഡ യൂറോപ്പിലെ കാട്ടുപക്ഷികളില്‍ സ്വാഭാവികമായും കണ്ടുവരുന്നതാണ്. കുടിയേറ്റ പക്ഷികളിലൂടെയാണ് രോഗം പടരുന്നത്. ഫെബ്രുവരിക്ക് ശേഷം അയര്‍ലണ്ടില്‍ ആദ്യമായാണ് ഈ ആഴ്ച ഇത്തരമൊരു കേസ് സ്ഥിരീകരിക്കുന്നത്.