ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് വിടവാങ്ങി

Breaking News India Obituary

ബെംഗളൂരു : കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വരുണ്‍ സിംഗ് ബെംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ കോപ്റ്ററിലുണ്ടായിരുന്ന 14 പേരും മരിച്ചു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു.

ശരീരത്തിൻറെ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നെങ്കിലും വരുണ്‍ സിംഗിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്‌നത്തിലായിരുന്നു ഡോക്ടര്‍മാര്‍. അദ്ദേഹത്തിൻറെ കൈകള്‍ക്കും മുഖത്തുമാണ് ഗുരുതരമായി പൊള്ളലേറ്റത്. വില്ലിങ്ടണ്‍ ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയില്‍ ഗ്രൂപ്പ് ക്യാപ്റ്റനെ എത്തിച്ചത്.

മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയില്‍ തകര്‍ന്നു വീണത്. ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയുമുള്‍പ്പെടെ 14 പേര്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്ക് പോകുമ്പോഴായിരുന്നു ദുരന്തം. വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായിരുന്നു വരുണ്‍ സിങ്.

കഴിഞ്ഞവര്‍ഷം വരുണ്‍ സിംഗ് ഓടിച്ചിരുന്ന എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു. ഉയര്‍ന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു. എന്നാല്‍ തകരാര്‍ മനസ്സിലാക്കി മനസ്സാന്നിധ്യം കൈവിടാതെ അദ്ദേഹം ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കി. എല്‍സിഎ തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കി വരുണ്‍ സിംഗിൻറെ ധീരതയേയും കഴിവിനെയും രാജ്യം ആദരിക്കുകയും ചെയ്തിരുന്നു.