ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു

General

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു
. എഴുപത്തിനാല് വയസായിരുന്നു. ഫെബ്രുവരിയില്‍ കോവിഡ് ബാധിച്ചതിതിനു ശേഷം പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്നു. തിങ്കളാഴ്ച പുലച്ചേ 2.30 മണിയോടെയായിരുന്നു അന്ത്യം

2010 നവംബര്‍ ഒന്നിനാണ് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചുമതലയേറ്റത് .1946 ആഗസ്ത് 30ന് തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തിന് സമീപമുള്ള മാങ്ങാട് എന്ന ഗ്രാമത്തിലാണ് ജനനം. കെ ഐ പോള്‍ എന്നായിരുന്നു പേര്. അച്ഛന്‍ കൊല്ലന്നൂര്‍ ഐപ്പും അമ്മ പുലിക്കോട്ടില്‍ കുഞ്ഞീറ്റിയും. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ചേര്‍ന്നു. കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടി.

1972 ഏപ്രില്‍ എട്ടിന് പരുമല സെമിനാരിയില്‍ യൂഹാനോന്‍ മാര്‍ സെവേറിയോസ് മെത്രാപോലീത്തായില്‍നിന്ന് ആദ്യ പട്ടം സ്വീകരിച്ചു. മുപ്പത്താറാമത്തെ വയസില്‍ ചര്‍ച്ച്‌ പാര്‍ലമെന്റ് അദ്ദേഹത്തെ ബിഷപ്പായി തെരഞ്ഞെടുത്തു. 1985 മേയ് 15ന് പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്കോപ്പയായി അഭിഷിക്തനായി. അതേവര്‍ഷം ആഗസ്ത് ഒന്നിന്, പുതുതായി രൂപീകരിക്കപ്പെട്ട കുന്നംകുളം രൂപതയുടെ ആദ്യ മെത്രാപോലീത്തായായി. 2010ല്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമസ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷ പദവിയില്‍ എത്തിയത്. വചനം വിടരുന്നു, വിനയസ്മിതം, നിഷ്കളങ്കതയുടെ സൗന്ദര്യം, അനുഭവങ്ങള്‍ ധ്യാനങ്ങള്‍, ജീവിതക്കാഴ്ചകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഏക സഹോദരന്‍: കെ ഐ തമ്ബി.