ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ അതിർത്തിയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഏഴ് സൈനികർ ഹിമപാതത്തിൽ കുടുങ്ങി. ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, ഇതിനായി പ്രത്യേക സംഘത്തെയും പുറത്തുനിന്നും വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കമെങ് സെക്ടറിലെ ഉയർന്ന പ്രദേശത്താണ് ഞായറാഴ്ച സംഭവം നടന്നതെന്ന് സൈന്യം തിങ്കളാഴ്ച അറിയിച്ചു. അതിർത്തിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ജവാൻമാർ പെട്ടെന്ന് ഹിമപാതത്തിൽ കുടുങ്ങി.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സൈനികരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇത്തരം രക്ഷാപ്രവർത്തനങ്ങളിൽ വൈദഗ്ധ്യമുള്ള സംഘങ്ങളെ പുറത്തുനിന്നും വിളിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേൽപ്പറഞ്ഞ പ്രദേശത്തെ കാലാവസ്ഥ വളരെ മോശമായി തുടരുകയാണെന്നും സൈന്യം അറിയിച്ചു. കനത്ത മഞ്ഞു പെയ്യുകയാണ്. അരുണാചൽ പ്രദേശിൻറെ പടിഞ്ഞാറൻ ഭാഗമാണ് കമെങ് മേഖല.
ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡ് മേഖലയിലെ 1,346 കിലോമീറ്റർ നീളമുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നു. സിക്കിമിലെയും അരുണാചൽ പ്രദേശിലെയും പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ കമാൻഡിൽ മൂന്ന് കോർപ്സ് ഉൾപ്പെടുന്നു. 33 കോർപ്‌സ് സിക്കിമിലും നാലാമത്തെ കോർപ്‌സ് കമേംഗ് സെക്ടറിലും മൂന്നാം കോർപ്‌സ് അരുണാചൽ പ്രദേശിൻറെ ബാക്കി ഭാഗങ്ങളിലും സുരക്ഷയുടെ ചുമതലയാണ്.