അനധികൃത കുടിയേറ്റം നൂറുകണക്കിന് ഇന്ത്യക്കാര്‍ക്ക് സെര്‍ബിയന്‍ ക്യാമ്പില്‍ നരകജീവിതം

Europe Headlines India

അനധികൃതമായി യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കാന്‍ ശ്രമിച്ച നൂറോളം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഹംഗറിക്കും റൊമാനിയയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന സെര്‍ബിയന്‍ അതിര്‍ത്തി നഗരമായ കിക്കിണ്ടയിലെ ക്യാമ്പില്‍ ദുരിതത്തില്‍.

രണ്ട് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുവെന്ന കാരണത്താലാണ് കിക്കിണ്ട എന്ന സെര്‍ബിയന്‍ നഗരം അനധികൃത കുടിയേറ്റക്കാരുടെ ഇടത്താവളമാകുന്നത്. അതേസമയം ഇന്ത്യന്‍ പൗരന്മാര്‍ക്ക്, വിസ രഹിത പ്രവേശനം അനുവദിക്കുന്ന യൂറോപ്പിലെ ഏക രാജ്യവുമാണ് സെര്‍ബിയ.

സൗത്ത് ഏഷ്യയില്‍ നിന്നുള്ള 550 ഓളം പേരാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. അവരില്‍ മുന്നൂറ്റി അറുപത് പേര്‍ ബംഗ്ലാദേശില്‍ നിന്നും 100 ഓളം പേര്‍ ഇന്ത്യയില്‍ നിന്നും വന്നവരാണ്, ക്യാമ്പിൻറെ അഡ്മിഷന്‍ ഓഫീസര്‍ ആൻഡ്രിയജെ മാർസെൻകോ പറഞ്ഞു.

ഇതൊരു പുതിയ പ്രവണതയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ഇന്ത്യക്കാരാണ് ഇവിടെ എത്തിപ്പെടുന്നത് അദ്ദേഹം കൂട്ടിചേര്‍ത്തു .

International Organization for Migration (IOM) and the UN Refugee Agency (UNHCR) എന്നിവയുടെ പിന്തുണയോടെ സെര്‍ബിയയുടെ അഭയാര്‍ഥി ഏജന്‍സിയാണ് പുരുഷന്‍മാര്‍ മാത്രമുള്ള ഈ ക്യാമ്പ് നിയന്ത്രിക്കുന്നത്.

മാന്യമായ വരുമാനത്തിനായി അലഞ്ഞ് നടന്ന് മടുത്ത ഒരു വിഭാഗം ചെറുപ്പക്കാര്‍ ജീവിതം പച്ചപിടിപ്പിക്കാനുള്ള ആഗ്രഹവുമായാണ് സെര്‍ബിയയില്‍ എത്തുന്നത്, ഇന്ത്യയില്‍ കടക്കെണിയില്‍പ്പെട്ട കുടുംബത്തിനെ സഹായിക്കാന്‍ എത്തിയവരും ഏറെയുണ്ട്.

പലരും ഒരു ദിവസം യൂറോപ്യന്‍ യൂണിയനില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സെര്‍ബിയയിലെ ക്യാമ്പില്‍ കഴിയുന്നത്. ക്യാമ്പില്‍ കഴിയുന്ന ഇന്ത്യയില്‍ നിന്നുള്ള കുമാര്‍ എന്ന യുവാവ് അനധികൃതമായി യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടതായി മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനായി മനുഷ്യക്കടത്തുകാര്‍ക്ക് കയ്യില്‍ ആകെയുണ്ടായിരുന്ന 2,000 യൂറോ നല്‍കിയതായും അദ്ദേഹം പറഞ്ഞു ,പണം നഷ്ടപ്പെട്ടതിന് ശേഷം സെര്‍ബിയയില്‍ കുടുങ്ങിപ്പോയതായി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹമിപ്പോള്‍ ക്യാമ്പിലെ സഹ കുടിയേറ്റക്കാര്‍ക്ക് ചിക്കന്‍ ബിരിയാണി പാകം ചെയ്ത് വിറ്റാണ് പോക്കറ്റ് മണി കണ്ടെത്തുന്നത്.

ഇദ്ദേഹത്തിനെ പോലെ യൂറോപ്പിലേക്ക് കടക്കാനായി 12000 യൂറോയോളം മനുഷ്യക്കടത്തുകാര്‍ക്ക് കൊടുത്ത് ശ്രമങ്ങള്‍ പരാജയപെട്ടവരും നിരവധിയുണ്ട്. യൂറോപ്യന്‍ പോലീസിൻറെ അതിര്‍ത്തി പരിശോധനയ്ക്കിടെ പിടിക്കപ്പെടുന്ന ഇവര്‍ കൊടിയ പീഢനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. വസ്ത്രം അഴിച്ചുമാറ്റി കൊടുംതണുപ്പില്‍ സെര്‍ബിയയിലേക്ക് തിരികെ നടക്കാന്‍ ആവശ്യപ്പെടാറാണ് പതിവെന്നും ദൗത്യം പരാജയപ്പെട്ടവര്‍ പറഞ്ഞു.