അസം-മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം

General

ഗുവാഹത്തി : അസം-മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. രണ്ട്​ സ്​ത്രീകള്‍ ഉള്‍പ്പെടെ മൂന്ന്​ മിസോറാംകാര്‍ക്ക്​ നേരെ അസം പോലീസ്​ വെടി​െവച്ചതിനെ തുടര്‍ന്നാണ്​ അതിര്‍ത്തി പ്രദേശം വീണ്ടും സംഘര്‍ഷഭരിതമായത്​. ഒരു സ്​ത്രീക്ക്​ കൈക്ക്​ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. അയല്‍ സംസ്​ഥാനത്ത്​ നിന്നും ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു ഇവരെന്ന്​ മിസോറാം അധികൃതര്‍ വ്യക്തമാക്കി.

അസമിലെ ഹൈലകണ്ടി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ഐത്​ലങ്​ ത്ലാങ്​പുയി പ്രദേശത്ത്​ ചൊവ്വാഴ്ചയാണ്​ വെടിവെപ്പുണ്ടായതെന്ന്​ കോലാസിബ്​ ഡെപ്യൂട്ടി കമീഷണര്‍ എച്ച്‌​.ലാല്‍തലങ്​ലിയാ പറഞ്ഞു. അസമിലെ ബിലിയാപൂരിലുള്ള നിബുസ്​ എന്നയാളില്‍ നിന്ന്​ ഇറച്ചി വാങ്ങാനാണ്​ മിസോറാമുകാര്‍ അയല്‍ സംസ്​ഥാനത്തേക്ക് പോകാനൊരുങ്ങിയത്​​​.

ജനങ്ങളോട്​ സംഘര്‍ഷത്തില്‍ പരിഹാരം കാണുന്നത്​ വരേയോ അല്ലെങ്കില്‍ കാര്യങ്ങള്‍ സാധരണ ഗതിയിലാകുന്നത്​ വരെയോ അതിര്‍ത്തിയിലെത്തരുതെന്ന്​ പോലീസ്​ അഭ്യര്‍ഥിച്ചു. പ്രദേശത്ത് ഏറെ നാളുകളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജൂലെ 26നുണ്ടായ സംഘര്‍ത്തില്‍ ആറ് അസം പോലീസുകാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിക്കുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

165 കിലോമീറ്റര്‍ നീളമുള്ള അസം- മിസോറം അതിര്‍ത്തിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ട് സംസ്ഥാനങ്ങളുടെ മൂന്ന് ജില്ലകള്‍ ഇവിടെ അതിര്‍ത്തി പങ്കിടുന്നു. ബ്രിട്ടീഷ് ഭരണകാലത്തുള്ള രണ്ട് അതിര്‍ത്തി നിര്‍ണയങ്ങളില്‍ ഏത് പിന്തുടരണം എന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് തര്‍ക്കത്തിനുള്ള മൂലകാരണം.