ന്യൂഡൽഹി : അസമിൽ വെള്ളപ്പൊക്കം തുടരുകയാണ്. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത്, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സർക്കാർ, സ്വകാര്യ), അവശ്യേതര സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ കച്ചാർ ജില്ലാ ഭരണകൂടം 48 മണിക്കൂർ (മെയ് 19, 20) അടച്ചു.
അസമിൽ നിർത്താതെ പെയ്യുന്ന മഴയിൽ പല ജില്ലകളും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ്. മഴയിൽ പലയിടത്തും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ 24 ജില്ലകളിലായി രണ്ട് ലക്ഷത്തിലധികം ആളുകൾ പ്രളയക്കെടുതിയിൽ അകപ്പെട്ടതായാണ് റിപ്പോർട്ട്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം കച്ചാർ ജില്ലയിൽ മാത്രം 50,000ത്തിലധികം ആളുകൾ ദുരിതബാധിതരാണ്. 46 റവന്യൂ സർക്കിളുകളിലായി 652 വില്ലേജുകൾ പ്രളയം ബാധിച്ചതായി റിപ്പോർട്ട്. 16,645.61 ഹെക്ടർ കൃഷിഭൂമി വെള്ളപ്പൊക്കത്തിൽ മുങ്ങി.
കച്ചാർ, ചറൈഡിയോ, ദരംഗ്, ധേമാജി, ദിബ്രുഗഡ്, ദിമ-ഹസാവോ എന്നിവയുൾപ്പെടെ 24 ജില്ലകളിലായി 2,02,385 പേരെ ഇതുവരെ ബാധിച്ചതായി അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 7 പേർ മരിച്ചു. ഇതിന് പുറമെ നിരവധി പേരെ കാണാതായിട്ടുണ്ട്. ഭരണകൂടത്തിൻറെ നേതൃത്വത്തിൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കച്ചാറിൽ 55 ദുരിതാശ്വാസ ക്യാമ്പുകളും 12 വിതരണ കേന്ദ്രങ്ങളും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം 33,000 പ്രളയബാധിതർ ഇവിടെ അഭയം പ്രാപിച്ചിട്ടുണ്ട്.
കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. ന്യൂ കുഞ്ചാങ്, ഫ്യാങ്‌പുയ്, മൗൽഹോയ്, നംജുരാംഗ്, ദക്ഷിണ് ബാഗേതാർ, മഹാദേവ് തില, കലിബാരി, നോർത്ത് ബാഗേതാർ, സിയോൺ, ലോഡി പംഗ്മൗൾ ഗ്രാമങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് ജതിംഗ-ഹ്രംഗജാവോ, മഹൂർ-ഫിഡിംഗ് എന്നിവിടങ്ങളിൽ റെയിൽവേ ലൈനുകൾ തടസ്സപ്പെട്ടിരിക്കുകയാണ്.