പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ഷെഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു

Breaking News Election Pakistan Politics

ഇസ്ലാമാബാദ് : പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന ഷെഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇമ്രാന്‍ ഖാൻറെ പിന്‍ഗാമിയായാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിൻറെ സഹോദരനായ ഷരീഫ് അധികാരത്തിലെത്തുന്നത്. പാക് ദേശീയ അസംബ്ലിയില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു ഇദ്ദേഹം.

പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) നേതാവ് ഷാ മഹ്‌മൂദ് ഖുറേഷിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ ദേശീയ അസംബ്ലിയില്‍ 174 പേര്‍ ഷെഹബാസ് ഷരീഫിന് വോട്ടു ചെയ്തു. 12 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തുന്നത്. പാകിസ്ഥാൻറെ 23ാം പ്രധാനമന്ത്രിയാണ് ഷെഹബാസ്.

പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്‍ പാക് നാഷണല്‍ അസംബ്ലിയില്‍ നിന്ന് രാജിവെച്ചു. ഇമ്രാന്‍ അനുകൂലികള്‍ അസംബ്ലിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും പിടിഐ അംഗങ്ങള്‍ കൂട്ടത്തോടെ രാജിവെക്കുകയും ചെയ്തു. അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെട്ട രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍.

അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് 2018ല്‍ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്‍ക്കാരിൻറെ ഭൂരിപക്ഷം നഷ്ടമായി.