ഗാര്‍ഹിക പീഢനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം ; പോലീസുകാരനായ ഭര്‍ത്താവിനെതിരെ നടപടി

India Kerala

തിരുവനന്തപുരം : ആര്യനാട് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ കേസിലെ പ്രതിയായ പോലീസിലെ സീനിയര്‍ ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍. മേനംകുളം വനിത ബറ്റാലിയനിലെ സീനിയര്‍ ക്ലാര്‍ക്ക് എം.വിനോദിനെതിരെയാണ് നടപടി. ആത്മഹത്യാ പ്രേരണാ കേസില്‍ പ്രതിയായിട്ടും വിനോദിനെ സംരക്ഷിക്കുന്നത് പോലീസിലേയും, രാഷ്ട്രീയത്തിലേയും മൂപ്പന്മാരായിരുന്നു.

രണ്ടരമാസം മുന്‍പാണ് സരിതയുടെ അമ്മ അധികാരികള്‍ കേള്‍ക്കാന്‍ കരഞ്ഞ് പറഞ്ഞത്. പൊന്നുപോലെ വളര്‍ത്തി കല്യാണം കഴിച്ചയച്ച മകള്‍ ഇല്ലാതാകാനുള്ള കാരണക്കാരന്‍ നീതി നടപ്പാക്കേണ്ട പോലീസില്‍ സസുഖം വാഴുന്നതിന്റെ വേദനയായിരുന്നു. അല്‍പം വൈകിയെങ്കിലും ആ കണ്ണീര്‍ അധികാരികളുടെ കണ്ണ് തുറപ്പിച്ചു. ഇവരുടെ മകള്‍, ആര്യനാട് സ്വദേശി സരിതാകുമാരി ജീവനൊടുക്കിയ കേസിലാണ് പ്രതിയായ ഭര്‍ത്താവ് പോത്തന്‍കോട് തെറ്റിച്ചിറ സ്വദേശി വിനോദിനെ സസ്‌പെന്‍ഡ് ചെയതത്.

കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നിര്‍ദേശം നല്‍കി. ആത്മഹത്യാപ്രേരണാ കേസിന് പിന്നാലെ സരിതയുടെ മാതാപിതാക്കളെ വീട് കയറി ആക്രമിച്ച കേസില്‍ വിനോദിനെതിരെ കുറ്റപത്രം നല്‍കി. ഇതിന്റെയടിസ്ഥാനത്തിലാണ് വനിതാ ബറ്റാലിയന്‍ കമാണ്ടന്റ് ദിവ്യ ഗോപിനാഥ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.