ഫൈസറിൻറെ ആന്റിവൈറല്‍ ഗുളിക പാക്‌സ്ലോവിഡിന് യൂറോപ്യന്‍ യൂണിയൻറെ അനുമതി

Covid Europe Headlines Health

ഡബ്ലിന്‍: കോവിഡ് ചികില്‍സയില്‍ പുതുമ സമ്മാനിച്ച് ഫൈസര്‍ ഇങ്കിൻറെ ആന്റിവൈറല്‍ ഗുളിക പാക്‌സ്ലോവിഡിന് യൂറോപ്യന്‍ യൂണിയൻറെ ഡ്രഗ് റെഗുലേറ്റര്‍ അനുമതി നല്‍കി. ഗുരുതരമായ രോഗസാധ്യതയുള്ള മുതിര്‍ന്നവര്‍ക്ക് ഈ ഗുളിക ഉപാധികളില്ലാതെ നല്‍കാവുന്നതാണെന്നും ഇഎംഎ വ്യക്തമാക്കി. വാക്സിനെടുത്തവര്‍ക്കും ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് ഇഎംഎ വ്യക്തമാക്കിയിട്ടുണ്ട്. ഗുളികകളുടെ കടന്നുവരവ് കോവിഡ് ചികില്‍സയില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് കരുതാവുന്നതാണ്. ആശുപത്രി പ്രവേശനവും മരണവും കുറയ്ക്കാന്‍ ഗുളികകളുടെ വരവ് സഹായിക്കുമെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍.

ഒമിക്രോണ്‍ വേരിയന്റിനെതിരെയും മരുന്ന് അതിൻറെ ഫലപ്രാപ്തി തെളിയിച്ചിരുന്നു. വാക്സിനെടുക്കാത്തവരില്‍ മാത്രമാണ് ഈ ഗുളിക പരീക്ഷിച്ചത്, കുത്തിവയ്പ്പെടുത്ത ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളില്‍ ഇത് ഉപയോഗിക്കാനാവുമോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വാക്സിനേഷന്‍ എടുക്കാത്തവര്‍ക്ക് മാത്രമായി ഇഎംഎ ഗുളികയുടെ ഉപയോഗം അംഗീകാരം പരിമിതപ്പെടുത്തിയിട്ടില്ല.

ഇറ്റലി, ജര്‍മ്മനി, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തന്നെ ഈ മരുന്ന് വാങ്ങിയിരുന്നു. പാക്‌സ്ലോവിഡിനും മെര്‍ക്കിൻറെ മോള്‍നുപിരാവിറിനും അമേരിക്ക ഡിസംബറില്‍ത്തന്നെ അംഗീകാരം നല്‍കിയിരുന്നു.

ഡിസംബറില്‍ ജര്‍മ്മനി ഒരു മില്യണ്‍ കോഴ്സുകളാണ് ഓര്‍ഡര്‍ ചെയ്തത്. ഫെബ്രുവരിയില്‍ ഇറ്റലിക്ക് 200,000 കോഴ്സുകള്‍ ലഭിക്കും. കൂടാതെ 4,00,000 ഡോസുകള്‍ വരെ വാങ്ങുന്നതിനും അവസരമുണ്ട്.

വാക്സിനുകള്‍ക്ക് ശേഷമുള്ള പ്രതിരോധത്തിൻറെ രണ്ടാം മാര്‍ഗ്ഗമായി ഈ ഗുളികകളെ കാണാവുന്നതാണെന്ന് ഇയു ആരോഗ്യ കമ്മീഷണര്‍ സ്റ്റെല്ല കിറിയാകിഡ്സ് പറഞ്ഞു. ഗാര്‍ഹിക ഉപയോഗത്തിനുള്ള ആദ്യത്തെ ഓറല്‍ ആന്റിവൈറലാണ് പാക്‌സ്ലോവിഡെന്ന് ഇവര്‍ വിശദീകരിച്ചു. രോഗം കൂടുതല്‍ ഗുരുതരമായി ബാധിക്കാനിടയുള്ളവര്‍ക്ക് ഏറെ പ്രയോജനം നല്‍കുന്നതാണ് ഗുളിക.