ലോക്ക്ഡൗണ്‍ പാര്‍ട്ടി രാജ്യത്തോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി

Covid Headlines UK

ഇംഗ്ലണ്ട് : ലോക്ക് ഡൗണ്‍ വിലക്കുകള്‍ക്ക് നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ ആഘോഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച സംഭവത്തില്‍ ക്ഷമാപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ നീക്കം.

അതിനിടെ, അവിശ്വാസത്തില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമായാണ് ഇപ്പോള്‍ പ്രഖ്യാപിച്ച പോലീസ് അന്വേഷണത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. എതിരാളികളെ തണുപ്പിക്കാനും സപ്പോര്‍ട്ട് ചെയ്യുന്നവരെ കൂടുതല്‍ ഉറപ്പിച്ചുനിര്‍ത്താനുമുള്ള സാവകാശത്തിനുള്ള സമയമെടുക്കലായാണ് ഇതിനെ വിലയിരുത്തുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുള്ള ഈ വേളയിലും രാജിവെയ്ക്കില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. തെറ്റ് ബോധ്യപ്പെട്ടു, അത് തിരുത്താന്‍ അതിശക്തമായ നടപടികളുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭര്‍ത്താവിൻറെ വിയോഗത്തില്‍ വിന്റ്സര്‍ കാസിലിലെ ചാപ്പലില്‍ ഒറ്റയ്ക്കിരുന്ന് വിലപിക്കേണ്ടിവന്ന സ്ഥിതിയില്‍ എലിസബത്ത് രാജ്ഞിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ഷമാപണം നടത്തി. അതിനിടെ, മെട്രോപൊളിറ്റന്‍ പോലീസിൻറെ കണ്ടെത്തലുകള്‍ക്കായി കാത്തിരിക്കണമെന്ന് ഹൗസ് ഓഫ് കോമണ്‍സിലെ പ്രതിഷേധത്തിനിടയില്‍ ജോണ്‍സണ്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിച്ചു.

പുറത്തുവന്ന ഗ്രേ റിപ്പോര്‍ട്ടിനു പുറമേ സര്‍ക്കാരിൻറെ ആസൂത്രിത കോവിഡ് നിയമലംഘനത്തിനെതിരെ തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് പ്രധാനമന്ത്രിയുടെ നില പരുങ്ങലിലായത്. ഗ്രേ റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തു വന്നതോടെയാണ്  പ്രസ്താവനയുമായി പ്രധാനമന്ത്രിയുടെ രംഗപ്രവേശം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ കൈകാര്യം ചെയ്തതിലും സംഭവിച്ചതിലും അതിയായി ഖേദിക്കുന്നതായി ജോണ്‍സണ്‍ പാര്‍ലമെന്റില്‍ എംപിമാരോട് പറഞ്ഞു.