തൃശൂരില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്സ് ബാധ സ്ഥീരികരിച്ചു. അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നേരത്തെ അതിരപ്പിള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതോടെയാണ് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയത്.
ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണ് ഇവയുടെ സാമ്പിളുകളില്‍ നിന്ന് കണ്ടെത്തിയത്. ആന്ത്രാക്സ് സ്ഥിരീകരിച്ചതോടെ ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകളെ നീരീക്ഷണത്തിലാക്കി. കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകരുത്. അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മൃഗസംരക്ഷണ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ വനം വകുപ്പിലേയോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കാട്ടുപന്നികള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നതിനാല്‍ വളര്‍ത്ത് മൃഗങ്ങളെ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ മൃഗങ്ങളില്‍ വാക്സിനേഷന് ആരംഭിക്കാനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചു.
ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ആന്ത്രാക്സ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. കൃത്യസമയത്ത് ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം വഷളാകുകയും മരണത്തിന് കാരണമാവുകയും ചെയ്യും.