കൊളംബോ : ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ജനരോഷം ശക്തിപ്പെടുകയും ചെയ്തതോടെ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു. കലാപത്തിനിടെ ഭരണകക്ഷിയുടെ പാർലമെൻറ് അംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി. എംപിയായ അമരകീര്‍ത്തി അത്തുകോറളയാണ് സംഘര്‍ഷത്തിനിടെ മരിച്ചത്. ജനവിരുദ്ധ നയങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരില്‍ രൂക്ഷ വിമര്‍ശങ്ങള്‍ക്കിടയായ ശ്രീലങ്കന്‍ ഭരണനേതൃത്വം ഒടുവില്‍ മുട്ടുമടക്കുകയാണ്.
നിട്ടുംബുവ പട്ടണത്തില്‍ എംപിയുടെ കാര്‍ തടഞ്ഞ പ്രതിഷേധക്കാരില്‍ രണ്ടു പേര്‍ക്കെതിരെ വെടിയുതിര്‍ത്ത ശേഷം സംഭവസ്ഥലത്ത് നിന്ന കടന്നുകളഞ്ഞ എംപിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രസിഡന്റിൻറെ വസതിയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ രാജിയാവശ്യം ഉയര്‍ന്നിരുന്നു. മന്ത്രിമാരായ പ്രസന്ന രണതുംഗ, നലക ഗോതഹേവ, രമേഷ് പതിരണ എന്നിവരും പ്രധാനമന്ത്രിയുടെ രാജി തീരുമാനത്തോട് യോജിച്ചു. ജനജീവിതം ദുസ്സഹമായതോടെ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ തെരുവുകളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു. കൊളംബോയില്‍ മന്ത്രിമന്ദിരങ്ങളും മേയറുടെ വസതിയും പ്രതിഷേധക്കാര്‍ കത്തിച്ചു. ബസുകള്‍ക്കു നേരെ വ്യാപക അക്രമമുണ്ടായി.
കോവിഡ് വ്യാപനവും ഇന്ധനവില വര്‍ധനവും കൂടാതെ സര്‍ക്കാര്‍ നടപ്പാക്കിയ നികുതി വെട്ടിച്ചുരുക്കലും സമ്പദ്ഘടനയെ ഏറെ പ്രതികൂലമായാണ് ബാധിച്ചത്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ഇറക്കുമതി ഏറെക്കുറെ നിലച്ചതോടെ പ്രതിഷേധം കടുത്തു. വിലക്കയറ്റവും ക്ഷാമവും കാരണം പെട്രോളിനും ഡീസലിനും നിയന്ത്രണമേര്‍പ്പെടുത്തുകയുണ്ടായി. അഞ്ചാഴ്ചയ്ക്കിടെ രണ്ട് തവണ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.