നടിയും സഹസംവിധായികയുമായ അംബികാ റാവു അന്തരിച്ചു

Headlines Kerala Movies Obituary

തൃശ്ശൂര്‍ : നടിയും സഹസംവിധായികയുമായ അംബികാ റാവു അന്തരിച്ചു. തൃശ്ശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 11.30 ഓടെ ആയിരുന്നു അന്ത്യം.

കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷത്തിലൂടെ ശ്രദ്ധനേടിയ അംബിക റാവു മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട്ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.

കഴിഞ്ഞ 20 വര്‍ഷത്തോളമായി മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘കൃഷ്ണാ ഗോപാലകൃഷ്ണ’യുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാലോകത്തെത്തിയത്.