ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് അല്‍ഖ്വയ്ദ, രാജ്യത്ത് അതീവജാഗ്രത

Breaking News Crime India

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ മുന്‍ ബിജെപി വക്താവിൻറെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണയുമായി ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ. ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് അല്‍ ഖ്വയ്ദയുടെ മുന്നറിയിപ്പ്.

ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രദേശങ്ങളില്‍ കനത്ത സുരക്ഷ സംവിധാനമൊരുക്കുകയും ചെയ്യും. സുരക്ഷാ ക്രമീകരണങ്ങളും പരിശോധനയും വ്യാപകമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു.

‘പ്രവാചകൻറെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. അല്‍ ഖ്വയ്ദ ഇന്‍ സബ്‌കൊണ്ടിനെന്റ് എന്ന പേരില്‍ പുറത്ത് വിട്ട കത്തിലൂടെയാണ് ഭീഷണി മുഴക്കിയത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും സ്വന്തം ശരീരത്തിലും കുഞ്ഞുങ്ങളുടെ ശരീരത്തിലും സ്‌ഫോടക വസ്തുക്കള്‍ വച്ചു കെട്ടി ആക്രമണം നടത്തുമെന്നും കത്തില്‍ പറയുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ടിടിപിയും പ്രവാചക നിന്ദയുടെ പേരില്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചാനല്‍ ചര്‍ച്ചക്കിടയില്‍ ബി.ജെ.പി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രസ്താവനയാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ ഇരുവരെയും ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് തൻറെ വിവാദ പരാമര്‍ശം നൂപുര്‍ ശര്‍മ പിന്‍വലിച്ചു. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല, തൻറെ വിശ്വാസത്തെ മുറിവേല്‍പിച്ചപ്പോള്‍ പരാമര്‍ശം നടത്തിയതാണെന്നും നൂപുര്‍ വിശദീകരിച്ചു. തൻറെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അത് പിന്‍വലിക്കുന്നതായും അവര്‍ പറഞ്ഞു.

സംഭവത്തില്‍ അതൃപ്തിയറിച്ച് വിദേശ രാജ്യങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇറാന്‍, ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, ജോര്‍ദാന്‍, ബെഹ്റൈന്‍, മാലിദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ, എന്നീ രാജ്യങ്ങളാണ് അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. പ്രതിഷേധം അറിയിച്ച രാജ്യങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം.