എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു; സംസ്ഥാന വ്യാപക പ്രതിഷേധം

Breaking News Crime Kerala Politics

തിരുവനന്തപുരം : സംസ്ഥാന സിപിഎമ്മിൻറെ ആസ്ഥാന മന്ദിരമായ എകെ ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാല വ്യാപക പ്രതിഷേധം. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി. കോട്ടയത്തും, അടൂരിലും തിരുവല്ലയിലും സിപിഐഎമ്മിൻറെ പ്രതിഷേധം നടന്നു. കോട്ടയത്ത് ഡിസിസി ഓഫീസിന് നേരെ കല്ലേറ് ഉണ്ടായി. കല്ലേറില്‍ ഓഫീസിൻറെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സിപിഐഎം നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. ആലപ്പുഴ നഗരത്തിലെ ഇന്ദിരാ ഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു.

എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കല്‍ ഭിത്തിയിലേക്കാണ് ഇരുചക്രവാഹനത്തിലെത്തിയ യുവാവ് സ്ഫോടകവസ്തു എറിഞ്ഞത്. വ്യാഴാഴ്ച രാത്രി 11:25ഓടുകൂടിയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനം നടന്നതിൻറെ വലിയ ശബ്ദം കേട്ടാണ് പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തിയത്. പോളിറ്റ് ബ്യൂറോ മെമ്പര്‍ എ വിജയരാഘവന്‍, എല്‍. ഡി .എഫ് കണ്‍വീനറും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തിയിരുന്നു.

ആക്രമണത്തിന് ഉപയോഗിച്ചത് എന്ത് തരം സ്‌ഫോടക വസ്തു എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. വലിയ ശബ്ദത്തോടെയാണ് പൊട്ടിയതെന്നും ബോംബ് ആണ് വീണതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ പടക്കം പോലുള്ള വസ്തുവാണ് ഉപയോഗിച്ചതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ബോംബെറിയുന്ന ലഭിച്ച ദ്യശ്യത്തില്‍ അക്രമിയെ തിരിച്ചറിയാനായിട്ടില്ല. വണ്ടിയുടെ നമ്പരോ എറിഞ്ഞ ആളിൻറെ മുഖമോ വ്യക്തമല്ല. സംഭവത്തില്‍ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ തേടുകയാണ് പൊലീസ്. ഇതിനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.

എകെജി സെന്ററിന് നേരെ ബോംബാക്രമണം നടത്തിയത് കോണ്‍ഗ്രസ് ആണെന്ന ആരോപണവുമായി ഇപി ജയരാജന്‍ രംഗത്ത് വന്നു. കോണ്‍ഗ്രസുകാര്‍ കുറെ നാളുകളായി ഇത്തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും അതിൻറെ ബാക്കിപത്രമാണിതെന്നും ജയരാജന്‍ ആരോപിച്ചു.

എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഇ.പി ജയരാജിൻറെ തിരക്കഥയാണന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസുകാരാണ് ആക്രമിച്ചത് എന്ന് ഇപി പറയുന്നതിന് ക്യാമറയില്‍ ദൃശ്യങ്ങളുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എകെജി സെന്ററുമായി പരിചയമില്ലത്തവര്‍ക്ക് ഇത്തരം ഒരു ആക്രമണം നടത്താനാകില്ലന്നും ഇതിലൂടെ രാഹുലിൻറെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം കുറയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ശ്രദ്ധ തിരിച്ചു വിടാന്‍ നടത്തിയ ശ്രമമാണ് ഇപ്പോഴത്തെ ബോംബാക്രമണം. എല്‍ഡിഎഫ് നാടകം കളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.