ന്യൂഡല്‍ഹി: പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി കൈമാറി. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റയ്ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കിയതായി കേന്ദ്രം അറിയിച്ചു. 69 വര്‍ഷത്തിനു ശേഷമാണിപ്പോള്‍ ടാറ്റയുടെ റണ്‍വേയില്‍ എയര്‍ ഇന്ത്യ മടങ്ങിയെത്തിയത്.
കൈമാറ്റത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് പുതിയ ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റു. ഇതോടെ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സര്‍വീസായി മാറി.
കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് വിറ്റത്. 18,000 കോടി രൂപയ്ക്കായിരുന്നു കരാര്‍. 1932ല്‍ ടാറ്റ ഗ്രൂപ്പ് തുടക്കമിട്ട ടാറ്റ എയര്‍ലൈന്‍സ് പിന്നീട് 1949ലാണ് എയര്‍ ഇന്ത്യ എന്നു പേര് മാറ്റിയത്. 1953 -ലാണ് ദേശസാത്കരണത്തിലൂടെ എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്.
ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. ടാറ്റ സണ്‍സിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ. എയര്‍ ഏഷ്യാ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിൻറെ പക്കലുണ്ട്.