റഷ്യയ്ക്കെതിരെ നാറ്റോയുടെ പടനീക്കം

Breaking News Europe Russia

ബ്രസല്‍സ് : റഷ്യയ്ക്കെതിരെ ഏതു നിമിഷവും  തിരിച്ചടി കൊടുക്കാനുള്ള കളമൊരുക്കലാണ് നാറ്റോ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വായുവിലും കരയിലും കടലിലും സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ നേരത്തേ തന്നെ നാറ്റോ സഖ്യം തുടക്കമിട്ടിരുന്നു. എന്നിരുന്നാലും ഇത്രയും വലിയ മുന്നേറ്റം ആദ്യമാണ്.

22,000 അധിക നാറ്റോ സൈനികരെയും സൈനിക ഉപകരണങ്ങളുമാണ് കിഴക്കന്‍ യൂറോപ്പിലേക്ക് എത്തിച്ചിരിക്കുന്നത്. നാറ്റോയിലുള്‍പ്പെട്ടതും അല്ലാത്തതുമായ 20 രാജ്യങ്ങള്‍ ഉക്രെയ്‌നിന് ആയുധങ്ങള്‍ നല്‍കുന്നുണ്ട്.

നാറ്റോ സേനയുടെ എക്കാലത്തെയും വലിയ സൈനിക നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. റഷ്യ ഉക്രെയ്ന്‍ ആക്രമിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് നാറ്റോ സായുധ സേനയുടെ ഈ നീക്കം. യുദ്ധം ഉക്രെയ്നില്‍ തീരില്ലെന്ന സൂചനയാണിത് നല്‍കുന്നത്.

യൂറോപ്യന്‍ മേഖലയില്‍ സൈനിക സുരക്ഷയും പ്രതിരോധവും കഴിഞ്ഞ രണ്ട് ദശകങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ആറ് ദിവസങ്ങളില്‍ കൂടുതല്‍ വര്‍ധിച്ചതായി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അഭിപ്രായപ്പെട്ടു.

ഈ ആഴ്ച നാറ്റോയുടെ കിഴക്കന്‍ ഭാഗത്തുള്ള എല്ലാ ഗവണ്‍മെന്റ് മേധാവികളുമായി യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സൈനിക നീക്കം വേഗത്തിലായതെന്നാണ് കരുതുന്നത്.

ബാള്‍ട്ടിക് രാജ്യങ്ങളിലും റൊമാനിയയിലും പോളണ്ടിലുമടക്കം സഖ്യത്തിൻറെ കിഴക്കന്‍ ഭാഗത്ത് സാന്നിധ്യം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയാണ് കഴിഞ്ഞ ഏതാനും നാളുകളായി ചെയ്യുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.