കൊച്ചി : സിനിമാ സീരിയല്‍ നാടക നടന്‍ വി.പി. ഖാലിദ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ലൊക്കേഷനില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം. ലൊക്കേഷനിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊച്ചിന്‍ നാഗേഷ് എന്നാണ് ഖാലിദ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളില്‍ വേഷമിട്ടായിരുന്നു തുടക്കം. നാടക നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി. മഴവില്‍ മനോരമയുടെ ‘മറിമായം’ ടെലിവിഷന്‍ പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടി.
1973ല്‍ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് സിനിമയിലെത്തുന്നത്. താപ്പാന, അനുരാഗ കരിക്കിന്‍ വെള്ളം തുടങ്ങി നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ എന്നിവരുടെ പിതാവാണ്. ഫോര്‍ട്ടുകൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ് ഖാലിദ്.