ചെന്നൈ : ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സംവിധായകന്‍ ഭരതനുമായുള്ള അടുപ്പമാണ് പ്രതാപിനെ സിനിമയിലെത്തിച്ചത്. പ്രതാപിൻറെ അഭിനയ മികവ് കണ്ട ഭരതന്‍ തൻറെ ‘ആരവം’ (1978) എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1979-ല്‍ ഭരതൻറെ ‘തകര’, 1980-ല്‍ ഭരതൻറെ തന്നെ ‘ചാമരം’ എന്നീ സിനിമകളില്‍ പ്രതാപ് പോത്തന്‍ നായകനായി. അദ്ദേഹത്തിൻറെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി. തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വര്‍ഷങ്ങളില്‍ മികച്ച മലയാള നടനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു.
അഴിയാത കോലങ്ങള്‍, നെഞ്ചത്തെ കിള്ളാതെ, വരുമയില്‍ നിറം ചുവപ്പ്, മധുമലര്‍, കാതല്‍ കഥൈ, നവംബറിൻറെ നഷ്ടം, ലോറി, ഒന്നുമുതല്‍ പൂജ്യം വരെ, സിന്ദൂര സന്ധ്യയ്ക്കു മൗനം, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം, അയാളും ഞാനും തമ്മില്‍ തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസി’ലാണ് അവസാനം അഭിനയിച്ചത്. ‘സിബിഐ 5’ ആണ് അദ്ദേഹത്തിൻറെ അവസാനം റിലീസായ ചിത്രം.
പ്രതാപ് പോത്തന്‍ ആദ്യം സിനിമാ സംവിധായകനാകുന്നത് തമിഴിലിലാണ്. 1985ല്‍ ‘മീണ്ടും ഒരു കാതല്‍ കഥൈ’ എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 1987ല്‍ ‘ഋതുഭേദം’ എന്ന സിനിമ മലയാളത്തില്‍ സംവിധാനം ചെയ്തു. 1988ല്‍ പ്രതാപ് പോത്തന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്ത സിനിമയായ ‘ഡെയ്സി’ മലയാളത്തിലെ ഒരു സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായിരുന്നു. തുടര്‍ന്ന് ഏഴ് തമിഴ് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. 1997ല്‍ മോഹന്‍ലാലിനെയും ശിവാജിഗണേശനെയും നായകന്‍മാരാക്കി ‘ഒരു യാത്രാമൊഴി’ എന്ന സിനിമ മലയാളത്തില്‍ സംവിധാനം ചെയ്തു.
ഒരു ഇടവേളയ്ക്കുശേഷം 2005ല്‍ ‘തന്മാത്ര’യില്‍ അഭിനയിച്ചുകൊണ്ടാണ് പോത്തന്‍ മലയാളത്തില്‍ തിരിച്ചുവരുന്നത്. അതിനുശേഷം മലയാളത്തിലും തമിഴിലിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2012 ല്‍ മികച്ച വില്ലന്‍ നടനുള്ള SIIMA അവാര്‍ഡ് പ്രതാപ് പോത്തന് ’22 ഫീമെയില്‍ കോട്ടയം’ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു.