കോട്ടയം : സിനിമ-സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോമഡി റോളുകളില്‍, അവതരണ ശൈലി കൊണ്ടും ശബ്ദ വൈവിധ്യം കൊണ്ടും പ്രേക്ഷകഹൃദയങ്ങളിലേയ്ക്ക് അതിവേഗം കയറിക്കൂടിയ നടനാണ് പ്രദീപ്. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ്.
അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കോട്ടയം പ്രദീപ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു സിനിമാ ലോകത്തേക്ക് കടന്നു വന്നത്. ഐവി ശശിയുടെ 2001-ല്‍ പുറത്തിറങ്ങിയ ‘ഈ നാട് ഇന്നേ വരെ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010 ല്‍ ഇറങ്ങിയ ‘വിണ്ണെ താണ്ടി വാരുവായ’ എന്ന തമിഴ് ചിത്രമാണ് പ്രദീപിന്റെ കരിയര്‍ മാറ്റിമറിച്ചത്. തൃഷയുടെ അമ്മാവനായിട്ടാണ് പ്രദീപ് വേഷമിട്ടത്.
തട്ടത്തിന്‍ മറയത്തിലെ പൊലീസ് കോണ്‍സ്റ്റബിളിൻറെ വേഷവും ആരും മറക്കാന്‍ ഇടയില്ല. ആട് ഒരു ഭീകരജീവിയാണ്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം ലൈഫ് ഓഫ് ജോസൂട്ടി, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി തുടങ്ങിയ സിനിമകളില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ റോളുകളില്‍ തിളങ്ങി. 2020ല്‍ പുറത്തിറങ്ങിയ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ആണ് അവസാനം റിലീസായ ചിത്രം. നാടക രംഗത്തും കോട്ടയം പ്രദീപ് സജീവമായിരുന്നു.