ദിലീപ് കുമാര്‍ എന്ന ഇതിഹാസം ഇനി ഓര്‍മ്മയുടെ താളുകളില്‍

General

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു.98 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ദിലീപ് കുമാറിനെ വീണ്ടും മാഹിമിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്ന നടന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ജൂണ്‍ ആറിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അഞ്ചാം ദിവസം ആശുപത്രി വിടുകയും ചെയ്തിരുന്നു.

ഭാര്യ സൈറ ബാനുവാണ് കൂടെയുണ്ടായിരുന്നത്.അഞ്ചു പതിറ്റാണ്ടോളം സെല്ലുലോയിഡില്‍ വിസ്മയം തീര്‍ത്ത ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഐതിഹാസിക നടനാണ് വിട പറഞ്ഞത്.വരുന്ന ഡിസംബറില്‍ 99-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് നടന്‍റെ വേര്‍പാട് .  1944 ല്‍ ജ്വരപ്പെട്ട് എന്ന ചിത്രത്തിലൂടെയാണ് ദിലീപ് കുമാര്‍ സിനിമയെന്ന വിസ്മയ ലോകത്തേക്ക് കടന്ന് വരുന്നത്. മുഹമ്മദ് യുസഫ് ഖാന്‍ എന്ന ദിലീപ് കുമാറിന്റെ രംഗ പ്രവേശത്തോടെയാണ് ബോളിവുഡില്‍ ഖാന്‍ യുഗത്തിന് തുടക്കമിടുന്നതും.

ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്ടിംഗ് ആദ്യമായി പരീക്ഷിച്ചതും ദിലീപ് കുമാറായിരുന്നു. അഭിനയിച്ച 65 സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയുടെ പ്രതീകമാകാന്‍ കഴിഞ്ഞ നടന്‍. ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു വെന്ന ഗിന്നസ് റെക്കോര്‍ഡും ദിലീപ് കുമാറിന് സ്വന്തമാണ്.പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.അന്താസ് , ദേവദാസ് , ആസാദ് , ഗംഗ ജമുന, മുഗള്‍ ഇ ആസാം , രാം ഓര്‍ ശ്യാം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.1966 ലാണ് നടി സൈറ ബാനുവിനെ ദിലീപ് ജീവിതസഖിയാക്കുന്നത്.