പത്തനംതിട്ട: ആചാരപ്പെരുമയില്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യ നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചരിത്രപ്രസിദ്ധമായ വള്ളസദ്യ.
52 പള്ളിയോടങ്ങള്വരെ എത്തുന്ന സ്ഥാനത്ത് കീഴ്വന്മഴി, മാരാമണ്‍, കോഴഞ്ചേരി എന്നീ മൂന്ന് പള്ളിയോടങ്ങള്‍ക്കായി സദ്യ പരിമിതപ്പെടുത്തിയിരുന്നു.
യഥാക്രമം ക്ഷേത്ര പരിസരത്തെ ഇടശ്ശേരിമല എന്‍.എസ്.എസ് കരയോഗ മന്ദിരം, പാഞ്ചജന്യം ഓഡിറ്റോറിയം, വിനായക ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് വള്ളസദ്യ ഒരുക്കിയത്. ആദ്യം എത്തിയത് കോഴഞ്ചേരി പള്ളിയോടമായിരുന്നു. തുടര്‍ന്ന് കീഴ്വന്മഴിയും മാരാമണും എത്തി. പള്ളിയോട സേവാസംഘം ഭാരവാഹികളുടെ നേതൃത്വത്തില്‍ പള്ളിയോട കരക്കാരെ വെറ്റ, പുകയില നല്കി സ്വീകരിച്ചു.
ഉച്ചപൂജക്ക് ശേഷം 12 മണിയോടെ ക്ഷേത്രത്തിലെ ഗജ മണ്ഡപത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു ദീപം കൊളുത്തി വള്ളസദ്യ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. പാഞ്ചജന്യം സുവനീര്‍ പ്രമോദ് നാരായണന് എം.എല്‍.എ ക്ക് നല്കി ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പ്രകാശനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന് അധ്യക്ഷത വഹിച്ചു.
നയമ്ബുകളും മുത്തുക്കുടയും ഏന്തി വഞ്ചിപ്പാട്ടിെന്റ ഘന ഗാംഭീര്യമാര്‍ന്ന ശബ്ദം മുഴങ്ങിയ അന്തരീക്ഷത്തില്‍ ക്ഷേത്രത്തിന് പ്രദക്ഷിണം െവച്ച കരക്കാര് നിശ്ചയിച്ച സ്ഥലങ്ങളില്‍ വള്ളസദ്യക്ക് ഇരുന്നു.
പൊന്‍പ്രകാശം ചൊരിയുന്ന വിളക്കത്ത് വിളമ്ബണം എന്ന് പാടിയതോടെ ദീപം കൊളുത്തി തൂശനിലയിട്ട് വിഭവങ്ങള്‍ വിളമ്ബി തുടങ്ങി. വള്ളസദ്യക്ക് ശേഷം കൊടിമര ചുവട്ടില്‍ പറ തളിച്ച് ചടങ്ങ് പൂര്‍ത്തിയാക്കി മൂന്നരയോടെ പള്ളിയോടങ്ങള്‍ മടങ്ങി.
കലക്ടര്‍ ദിവ്യ എസ്. അയ്യര്‍, ജില്ല പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍, പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ഥസാരഥി ആര്. പിള്ള, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി തുടങ്ങിയവരും പങ്കെടുത്തു.