കീവിൻറെ തെരുവുകളില്‍ സാധാരണക്കാരെ കൊന്നുതള്ളിയതിൻറെ തെളിവുകള്‍

Breaking News Crime Russia Ukraine

കീവ് : ഉക്രൈയ്ന്‍ യുദ്ധത്തിനിടെ റഷ്യന്‍ സൈന്യം സാധാരണക്കാരെ കൊന്നൊടുക്കിയതിൻറെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു.

തലസ്ഥാനത്തിന് ചുറ്റുമുള്ള മേഖലയില്‍ നിന്നായി 900 -ലധികം സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി. 95% പേരും വെടിയേറ്റാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, 50 ദിവസത്തെ റഷ്യന്‍ ആക്രമണത്തെ അതിജീവിച്ചതില്‍ അഭിമാനമുണ്ടെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

മൃതദേഹങ്ങള്‍ തെരുവില്‍ ഉപേക്ഷിക്കുകയോ താല്‍ക്കാലികമായി സംസ്‌കരിക്കുകയോ ആയിരുന്നു ചെയ്തത്. ആളുകളെ തെരുവില്‍ കൊന്നുതള്ളിയതിൻറെ ഏറ്റവും വലിയ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് റീജിയണല്‍ പോലീസ് സേനാ മേധാവി ആന്‍ഡ്രി നെബിറ്റോവ് പറഞ്ഞു.

യുദ്ധാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും ഓരോ ദിവസവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയാണ്. കൂട്ടത്തോടെ സംസ്‌കരിച്ച കുഴിമാടങ്ങളും കണ്ടെത്തുന്നുണ്ട്. 350 -ലധികം മൃതദേഹങ്ങളാണ് ബുക്കയില്‍ മാത്രം കണ്ടെത്തിയത്. യുദ്ധത്തില്‍ 10,000 -ത്തിലധികം സിവിലിയന്മാര്‍ മരിച്ചുവെന്നും മരണസംഖ്യ 20,000 കവിയുമെന്നും മരിയുപോളിൻറെ മേയര്‍ ഈ ആഴ്ച പറഞ്ഞു. തെക്ക്-കിഴക്കന്‍ നഗരമായ മരിയുപോളില്‍ റഷ്യന്‍ സൈന്യം മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

അതിനിടെ, റഷ്യന്‍ പ്രദേശത്ത് ഉക്രൈയ്ന്‍ നടത്തിയ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയുടെ പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ ഉക്രൈനില്‍ വീണ്ടും ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് റഷ്യയുടെ പുതിയ ഭീഷണി.കീവില്‍ മിസൈല്‍ ആക്രമണം ശക്തമാക്കുന്നതിനാണ് തീരുമാനം.കരിങ്കടലില്‍ മോസ്‌കോയുടെ കപ്പല്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ മുന്നറിയിപ്പ് വന്നത്.

ഉക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബ്രയാന്‍സ്‌കില്‍ വ്യോമാക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറോളം റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തതായി റഷ്യ ആരോപിച്ചിരുന്നു. റഷ്യയുടെ മറ്റൊരു അതിര്‍ത്തി പ്രദേശത്തും ഉക്രൈയ്ന്‍ ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

റഷ്യന്‍ പ്രദേശത്ത് ആക്രമണം തുടര്‍ന്നാല്‍ കീവിനെതിരായ മിസൈല്‍ ആക്രമണങ്ങളുടെ എണ്ണവും അളവും വര്‍ദ്ധിപ്പിക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു.

റഷ്യന്‍ യുദ്ധക്കപ്പലായ മോസ്‌കവിനെ തകര്‍ത്തതായി ഉക്രൈനിയന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരുന്നു. യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 16 ദീര്‍ഘദൂര ക്രൂയിസ് മിസൈലുകള്‍ വഹിക്കാനുള്ള ശേഷിയുള്ള മോസ്‌ക്വയെ നെപ്ട്യൂണ്‍ മിസൈലുകളാണ് നശിപ്പിച്ചത്. മുന്‍ സോവിയറ്റ് രൂപകല്പനയുടെ മാതൃകയില്‍ ഉക്രൈയ്ന്‍ അടുത്തിടെ വികസിപ്പിച്ചെടുത്ത കപ്പല്‍ വേധ മിസൈലാണ് നെപ്ട്യൂണ്‍.

റഷ്യന്‍ തലസ്ഥാനത്തിൻറെ പേരുള്ള മോസ്‌കവ, മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച തുറമുഖത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മുങ്ങിയത്. ആക്രമണം മോസ്‌കോ അംഗീകരിച്ചിട്ടില്ലെങ്കിലും കപ്പലിൻറെ നഷ്ടം റഷ്യയ്ക്ക് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തുന്നത്.