കോപ്പന്‍ ഹേഗന്‍: പത്താഴ്ചയ്ക്കുള്ളില്‍ ലോകത്താകെ 90 മില്യണ്‍ ഒമിക്രോണ്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന. 2020ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണിതെന്ന് സെക്രട്ടറി ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2020 ജനുവരി മുതല്‍ ഇതുവരെ യൂറോപ്യന്‍ ജനസംഖ്യയുടെ 73% പേര്‍ കോവിഡ് ബാധിതരായെന്നും ഇദ്ദേഹം വെളിപ്പെടുത്തി. കൂടുതല്‍ കോവിഡ് വ്യാപനമെന്നാല്‍ കൂടുതല്‍ മരണം തന്നെയാണ് .
കോവിഡിനെതിരായ മൃദുസമീപനം സ്വീകരിക്കാന്‍ വെമ്പുന്ന രാജ്യങ്ങള്‍ക്കെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. കോവിഡിന് മേല്‍ വിജയം വരിച്ചുവെന്നു കരുതുന്നതും വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുന്നതും ഒരു പോലെ അപക്വമാണെന്ന് സെക്രട്ടറി ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ‘കീഴടങ്ങുന്നതും വിജയം പ്രഖ്യാപിക്കുന്നതും അപകടകരമാണ്. വൈറസ് അപകടകാരിയാണ്, നമുക്ക് മുമ്പില്‍ അത് വികസിക്കുകയാണ്. സത്യത്തില്‍ നിന്ന് മറ്റൊന്നും ഉണ്ടാകില്ല- ടെഡ്രോസ് പറഞ്ഞു.
പുതിയ കോവിഡ് വേരിയന്റ് സൗമ്യമാണെന്ന് കുതിയതെങ്കിലും ലോകത്തിൻറെ മിക്ക പ്രദേശങ്ങളിലും ആശങ്കാജനകമായി മരണ നിരക്കില്‍ വര്‍ദ്ധനവ് കാണാന്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കുതിക്കുന്നതിനിടയിലും ഡെന്മാര്‍ക്ക് എല്ലാ നിയന്ത്രണങ്ങളും നീക്കി. കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമാണ് ഡെന്മാര്‍ക്ക്. ഫേയ്സ് മാസ്‌കും ഡിസിസിയുമെല്ലാം വേണ്ടെന്നുവെച്ചിരിക്കുകയാണ് ഇവിടെ. ഡെന്‍മാര്‍ക്കില്‍ പ്രതിദിനം 40,000-50,000 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഇത് രണ്ടാം തവണയാണ് ഡെന്‍മാര്‍ക്ക് പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള ജീവിതശൈലിയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നത്. സെപ്തംബര്‍ 10ന് രാജ്യം എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. നവംബര്‍ ആദ്യം അവയില്‍ ചിലത് വീണ്ടും പുനസ്ഥാപിച്ചു. മ്യൂസിയങ്ങള്‍, സിനിമാശാലകള്‍, തിയേറ്റര്‍, എന്നിവ ക്രിസ്തുമസിന് തൊട്ടുമുമ്പ് അടച്ചു, ജനുവരി ആദ്യം വീണ്ടും തുറന്നു. ഇപ്പോള്‍ 60% ആളുകള്‍ക്കും കോവിഡ് മൂന്നാം ഡോസ് ലഭിച്ചിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം.