ഫുട്‌ബോള്‍ ചരിത്രത്തില്‍ 800 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിൻറെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം ആഴ്‌സണലിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിലെ ഇരട്ട ഗോള്‍ നേട്ടമാണ് നാഴികക്കല്ല് പിന്നിടാന്‍ താരത്തിനെ സഹായിച്ചത്. മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് റൊണാള്‍ഡോയുടെ ടീം വിജയിക്കുകയും ചെയ്തു.
1,097 ഔദ്യോഗിക മത്സരങ്ങളില്‍ നിന്നായി 801 ഗോളുകളാണ് പോര്‍ച്ചുഗല്‍ നായകന്‍ ഇതുവരെ നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി രണ്ട് കാലഘട്ടങ്ങളിലായി 130 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. റയല്‍ മാഡ്രിഡിനായി 450 ഗോളുകള്‍, യുവന്റസിനായി 101, പോര്‍ച്ചുഗലിനായി 115 എന്നിങ്ങനെയാണ് വിവിധ ടീമുകള്‍ക്കായുള്ള താരത്തിൻറെ ഗോള്‍ നേട്ടം. രാജ്യാന്തര ഫുട്‌ബോളിലും ഈ 36 കാരന്‍ തന്നെയാണ് ടോപ് സ്‌കോറര്‍ എന്ന പ്രത്യേകതയുമുണ്ട്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 769 ഗോളുകള്‍ നേടിയ ബ്രസീലിയന്‍ ഇതിഹാസം പെലെയാണ് റൊണാള്‍ഡോയ്ക്ക് തൊട്ടുപിന്നിലുള്ളത്. പുസ്‌കാസ് (761), ലയണല്‍ മെസി (756) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലായി നിലകൊള്ളുന്നു.