5ജിയില്‍ ഭീതികൂടാതെ വിമാനങ്ങള്‍ പറന്നുയര്‍ന്നു

Business Headlines Tourism USA

വാഷിംഗ്ടണ്‍: ആശങ്കകള്‍ക്കിടയിലും വലിയ കുഴപ്പങ്ങളില്ലാതെ 5ജി സേവനങ്ങള്‍ യുഎസില്‍ വിമാന സര്‍വ്വീസുകളില്‍ അവതരിപ്പിച്ചു. അമേരിക്കന്‍ മൊബൈല്‍ സേവന ദാതാക്കളായ എ ടി ആന്‍ഡ് ടിയും വെറൈസണും പുതിയ വയര്‍ലെസ് സാങ്കേതികവിദ്യയ്ക്ക് തുടക്കമിട്ടത് വലിയ വിവാദങ്ങള്‍ക്കിട നല്‍കിയിരുന്നു. എന്നാല്‍ പുതിയ സംവിധാനം പ്രാവര്‍ത്തികമാക്കിയിട്ടും വിമാന സര്‍വ്വീസുകളെ കാര്യമായി ബാധിച്ചില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പുതിയ പരിഷ്‌കാരം വിമാന സര്‍വ്വീസുകളെ ബാധിക്കുമെന്ന ആശങ്ക പരക്കെ ഉയര്‍ന്നിരുന്നു. വന്‍ തോതില്‍ സര്‍വ്വീസുകള്‍ റദ്ദാക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പും കമ്പനികള്‍ നല്‍കിയിരുന്നു. എന്നാല്‍ വലിയ തോതിലുള്ള റദ്ദാക്കലുകളൊന്നും ഉണ്ടായില്ല. 500 -ല്‍ത്താഴെ സര്‍വ്വീസുകളാണ് റദ്ദാക്കിയത്. അവ പുനരാരംഭിക്കാനും തയ്യാറായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 5ജി ലൈസന്‍സുകള്‍ നേടുന്നതിന് ഈ സ്ഥാപനങ്ങള്‍ പതിനായിരക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്. വിമാനങ്ങളുടെ റേഡിയോ ആള്‍ട്ടിമീറ്ററുകളില്‍ 5ജിയുണ്ടാക്കുന്ന ഇടപെടലുകളെക്കുറിച്ചാണ് വ്യോമയാന വ്യവസായ ഗ്രൂപ്പുകള്‍ ആശങ്ക ഉന്നയിച്ചത്. ഇവ ഒരേ ആവൃത്തിയില്‍ പ്രവര്‍ത്തിക്കേണ്ടത് രാത്രിയിലും മോശം കാലാവസ്ഥയിലും ഇറങ്ങുന്നതിന് അത്യന്താപേക്ഷിതമാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആശങ്കകളിലൊന്നും കാര്യമില്ലെന്ന നിലയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

5ജി പ്രശ്‌നത്തില്‍ യുഎസ് വിമാനത്താവളങ്ങളിലൂടെയുള്ള 473 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതായി ട്രാക്കിംഗ് വെബ്സൈറ്റ് ഫ്ളൈറ്റ്അവെയര്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനങ്ങള്‍ വെട്ടിക്കുറച്ച എയര്‍ലൈനുകളില്‍ എയര്‍ ഇന്ത്യ, എഎന്‍എ, ജപ്പാന്‍ എയര്‍ലൈന്‍സ് എന്നിവ ഉള്‍പ്പെടുന്നു, എന്നാല്‍ മൂവരും അടുത്ത ദിവസം റൂട്ടുകള്‍ പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വാഷിംഗ്ടണിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്ൻറെ (എഫ്എഎ) ഉറപ്പിനെ തുടര്‍ന്ന് സര്‍വീസ് പുനസ്ഥാപിക്കുകയാണെന്ന് എഎന്‍എയും ജപ്പാന്‍ എയര്‍ലൈന്‍സും അറിയിച്ചു.

യുഎസ് എയര്‍ലൈനുകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് എയര്‍പോര്‍ട്ടുകള്‍ക്ക് സമീപം 5ജി ലോഞ്ച് ചെയ്യുന്നത് പിന്‍വലിക്കാന്‍ പോലും ഒരു ഘട്ടത്തില്‍ ഇരുകൂട്ടരും സമ്മതിച്ചിരുന്നു.

യുഎസിലെ എട്ട് പ്രധാന മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ അതിവേഗ സേവനം ലഭ്യമാണെന്ന് എടിആന്റ്ടി പറഞ്ഞു. അതേസമയം 90 മില്യണ്‍ അമേരിക്കക്കാര്‍ക്ക് 5ജി കവറേജ് നല്‍കുന്നുണ്ടെന്ന് വെറൈസണ്‍ പറഞ്ഞു.