കോവിഡ് വ്യാപനം: ചൈനയില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു

Breaking News China Covid Entertainment Sports

ബെയ്‌ജിങ്‌: കോവിഡ് കേസുകള്‍ വര്‍ധിച്ചതിനാല്‍ ചൈനയില്‍ സെപ്തംബറില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിൻറെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന.

2022 സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ ചൈനയിലെ ഹാങ്ഷൗവില്‍ നടക്കാനിരുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസ് മാറ്റിവയ്ക്കുമെന്ന് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അറിയിച്ചു. കായിക മത്സരത്തിൻറെ പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്ഷൗ സ്ഥിതി ചെയ്യുന്നത്, ആഴ്ചകളായി സീറോ ടോളറന്‍സ് സമീപനത്തിൻറെ ഭാഗമായി ആഴ്ചകള്‍ നീണ്ട ലോക്ക്ഡൗണില്‍ ആയിരുന്നു നഗരം.

കിഴക്കന്‍ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമായ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിനും തുടര്‍ന്ന് വരുന്ന ഏഷ്യന്‍ പാരാ ഗെയിംസിനും വേണ്ടി 56 മത്സര വേദികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി സംഘാടകര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.