വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

Breaking News Covid Europe

വലേറ്റ : അതിവേഗം പടരുന്ന ഒമിക്രോണ്‍ വേരിയന്റിനെതിരെ പോരാടുന്നതിന് കൂടുതല്‍ വാക്സിന്‍ ഡോസുകളെത്തിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം.

കമ്മീഷന്‍ പ്രഖ്യാപനമനുസരിച്ച് അംഗരാജ്യങ്ങള്‍ക്ക് അടുത്ത മൂന്ന് മാസങ്ങളില്‍ ഫൈസര്‍ ബയോടെക് വാക്സിൻറെ 20 മില്യണ്‍ ഡോസുകള്‍ അധികമായി ലഭിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു.

ഇതിനകം ഷെഡ്യൂള്‍ ചെയ്ത 195 മില്യണ്‍ ഡോസുകള്‍ക്ക് പുറമേയാണിത്. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ആകെ 215 മില്യണ്‍ ഡോസുകളാണ് ഇയുവിന് ലഭിക്കുക. യൂണിയനാകെ 2022 വര്‍ഷത്തില്‍ 650 മില്യണ്‍ ഫൈസര്‍ ഡോസുകളും ലഭിക്കും.

അംഗരാജ്യങ്ങള്‍ക്ക് ജനുവരിയിലും ഫെബ്രുവരിയിലും ഫൈസര്‍-ബയോഎന്‍ടെക്കിൻറെ അഞ്ച് മില്യണ്‍ ഡോസുകള്‍ വീതം ലഭിക്കും. കൂടാതെ മാര്‍ച്ചില്‍ 10 മില്യണ്‍ ഡോസും അധികമായി ലഭിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.

ജനുവരി പകുതിയോടെ ഒമിക്രോണ്‍ ഇവിടെ പ്രബലമാകുമെന്നാണ് നിഗമനം. യൂണിയനിലാകെ ജനസംഖ്യയുടെ 67% ആളുകള്‍ക്ക് മാത്രമേ വാക്സിനേഷന്‍ നല്‍കിയിട്ടുള്ളു. ഇത് ഊര്‍ജ്ജിതമാക്കുന്നതിനാണ് യൂണിയന്‍ തീരുമാനമെന്നാണ് കരുതുന്നത്.

ക്രിസ്മസ് കാലം പരിഗണിച്ച് അംഗരാജ്യങ്ങളെല്ലാം ബൂസ്റ്റര്‍ വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കുകയാണ്. അതിനിടയിലാണ് കമ്മീഷന്‍ പ്രഖ്യാപനം.

ഒമിക്രോണ്‍ വേരിയന്റ് മൂലം അണുബാധകളില്‍ ഗണ്യമായ വര്‍ദ്ധനവുണ്ട്. അതിനാല്‍ പൂര്‍ണ്ണ വാക്സിനേഷനും ബൂസ്റ്ററുകള്‍ക്കും എന്നത്തേക്കാളും വലിയ പ്രാധാന്യമുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.