ആറ്റിങ്ങലില്‍ മല്‍സ്യ തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Kerala

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മല്‍സ്യ തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. മുബാറക് ഇസ്മയില്‍,ഷിബു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുബാറക് ഇസ്മയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണ്. ശുചികരണ തൊഴിലാളിയാണ് ഷിബു.

റോഡരികില്‍ മല്‍സ്യവില്‍പന നടത്തിയ അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോന്‍സയുടെ മൂന്ന് പെട്ടി മല്‍സ്യമാണ് നഗരസഭയുടെ മാലിന്യ വാഹനത്തിലേക്ക് വലിച്ചെറിഞ്ഞത്.സംഭവം മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സമീപത്തെ മീന്‍കടക്കാരനെ സഹായിക്കാനാണ് അല്‍ഫോണ്‍സയെ ഇരുവരും തടഞ്ഞതെന്നും ആരോപണമുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് ജീവനക്കാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.കൊവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ അതിക്രമം.