ന്യൂഡൽഹി: രാജ്യത്ത് എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും ഉടൻ പുനരാരംഭിക്കും. കഴിഞ്ഞ വർഷം മാർച്ച് 23 മുതൽ ഇന്ത്യയിലെ അന്താരാഷ്‌ട്ര വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു, എന്നാൽ ഇപ്പോൾ വിദേശ യാത്രകൾക്കായി വിമാനങ്ങൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ മനസ്സുവെച്ചിരിക്കുകയാണ്. ഡിസംബർ മൂന്നാം വാരം അതായത് ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് വിവരം. 28 രാജ്യങ്ങളുമായി എയർ ബബിൾ ക്രമീകരണത്തിന് കീഴിൽ കഴിഞ്ഞ വർഷം ജൂലൈ മുതൽ പ്രത്യേക അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എന്നിവയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുന്ന കാര്യം തീരുമാനിച്ചിട്ടുള്ളൂവെന്ന് രാജ്യത്തെ സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കൂടാതെ, നിരോധിത 14 രാജ്യങ്ങൾ ഒഴികെ, മറ്റെല്ലാ രാജ്യങ്ങളിലും ഇന്ത്യയിൽ നിന്ന് പതിവ് അന്താരാഷ്ട്ര വിമാനങ്ങൾ പ്രവർത്തിപ്പിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്‌സ്, ഫിൻലൻഡ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ചൈന, മൗറീഷ്യസ്, സിംഗപ്പൂർ, ബംഗ്ലാദേശ്, ബോട്സ്വാന, സിംബാബ്‌വെ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് വിലക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. ഈ രാജ്യങ്ങൾക്കായി നിലവിലുള്ള എയർ ബബിൾ ഫ്ലൈറ്റ് സംവിധാനം തുടരും.